റമദാൻ ലമ്മ; ഷാർജ മ്യൂസിയത്തിൽ പ്രവേശനം സൗജന്യം
ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെയാണ് സൗജന്യം

ഷാർജ: ‘റമദാൻ ലമ്മ’ സംരംഭത്തിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായി ഷാർജ മ്യൂസിയത്തിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഷാർജ മ്യൂസിയംസ് അതോറിറ്റി (എസ്.എം.എ). സംരംഭത്തിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായി ‘ഗാർഡൻസ് ആൻഡ് ടെയിൽസ്’ എന്ന പ്രമേയത്തിന് കീഴിലാണ്
പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ പ്രവേശനം സൗജന്യമായിരിക്കും.
എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ആസ്വദിക്കാൻ കഴിയുന്ന രൂപത്തിൽ വിപുലമായ സാംസ്കാരിക, വിദ്യാഭ്യാസ, ആഘോഷ പരിപാടികളാണ് ഇത്തവണ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വർക്ഷോപ്പുകൾ, സാംസ്കാരിക പരിപാടികൾ, സ്റ്റേജ് പ്രകടനങ്ങൾ, വിവിധ മത്സരങ്ങൾ, കുടുംബങ്ങൾക്കായുള്ള പ്രത്യേക ഫുഡ് കോർണർ തുടങ്ങിയവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
‘കൾച്ചറൽ ലാൻഡ്സ്കേപ്പ്സ് ഓഫ് അൽ അന്ദാലൂസ്’ എന്ന പേരിൽ മ്യൂസിയത്തിൽ താത്കാലികമായി ഒരുക്കിയിട്ടുള്ള എക്സിബിഷൻ സന്ദർശിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭ്യമാകും. റമദാനിൽ രണ്ട് ഷിഫ്റ്റുകളിലായാണ് മ്യൂസിയത്തിന്റെ പ്രവർത്തനം. വ്യാഴം മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ രണ്ട് വരെയും രാത്രി ഒമ്പതു മുതൽ 11 വരെയുമായിരിക്കും പ്രവർത്തന സമയം. വെള്ളിയാഴ്ചകളിൽ മ്യൂസിയം അവധിയായിരിക്കും. റമദാനിന്റെ അവസാന പത്തിൽ എല്ലാ മ്യൂസിയങ്ങളും വൈകുന്നേരങ്ങളിൽ അടച്ചിടും.
Adjust Story Font
16

