യു.എ.ഇയിൽ ഇന്ധനവില കൂട്ടി; പെട്രോൾ ലിറ്ററിന് 13 ഫിൽസ് വർധിക്കും
ഡീസൽ വിലയിൽ 14 ഫിൽസിന്റെ വർധന

ദുബൈ: യു.എ.ഇയിൽ ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 13 ഫിൽസും ഡീസൽ 14 ഫിൽസും വർധിപ്പിച്ചു. ഇന്ന് അർധരാത്രി മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. ഊർജമന്ത്രാലയത്തിന് കീഴിലെ വില നിർണയ സമിതിയാണ് ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്.
പുതുക്കിയ നിരക്ക് അനുസരിച്ച് സൂപ്പർ പെട്രോളിന്റെ വില രണ്ട് ദിർഹം 61 ഫിൽസിൽ നിന്ന് രണ്ട് ദിർഹം 74 ഫിൽസായി ഉയരും. രണ്ട് ദിർഹം 50 ഫിൽസ് വിലയുണ്ടായിരുന്ന സ്‌പെഷ്യൽ പെട്രോളിന് ഫെബ്രുവരിയിൽ രണ്ട് ദിർഹം 63 ഫിൽസ് നൽകേണ്ടി വരും. ഇപ്ലസ് പെട്രോൾ ലിറ്ററിന് 12 ഫിൽസാണ് വർധിപ്പിച്ചത്. ഇതോടെ രണ്ട് ദിർഹം 43 ഫിൽസ് വിലയുണ്ടായിരുന്ന ഈയിനം പെട്രോളിന്റെ വില രണ്ട് ദിർഹം 55 ഫിൽസായി വർധിക്കും.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലക്ക് അനുസരിച്ചാണ് മന്ത്രാലയം ആഭ്യന്ത്രരവിപണിയിലെ നിരക്ക് നിശ്ചയിക്കുന്നത്. കഴിഞ്ഞമാസങ്ങളിൽ നിരക്ക് കുറഞ്ഞിരുന്ന ഇന്ധനത്തിന് മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് നിരക്ക് വർധിക്കുന്നത്. കൂടിയ വിലക്ക് അനുസൃതമായി വിവിധ എമിറേറ്റുകളിൽ ടാക്‌സി നിരക്കിലും മാറ്റമുണ്ടാകും.
Adjust Story Font
16