Quantcast

ഗസ്സയിലെ വെടിനിർത്തലും ബന്ദിമോചനവും: സി.ഐ.എ ഡയറക്ടർ ഈജിപ്തിൽ

ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മൂന്ന് ഇസ്രായേൽ തടവുകാർ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    13 Feb 2024 6:06 PM GMT

gaza attack by israel
X

ദുബൈ: ഗസ്സയിൽ വെടിനിർത്തലും ബന്ദിമോചനവും ചർച്ച ചെയ്യാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്ടർ ഈജിപ്തിലെത്തി. ഹമാസ് പിടിയിലുള്ള ബന്ദികൾക്ക് പകരം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാനും യുദ്ധം താൽക്കാലികമായി നിർത്താനുമുള്ള കരാർ തയാറാക്കാനാണ് സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് കെയ്‌റോയിലെത്തിയത്.

റഫയിൽ അഭയാർഥികളായ 14 ലക്ഷം മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്താതെ കരയുദ്ധം നടത്തുന്നതിനെതിരെ ലോകരാജ്യങ്ങൾ മുന്നറിയിപ്പ്​ നൽകിയ സാഹചര്യത്തിലാണ്​ വില്യം ബേൺസി​ന്റെ സന്ദർശനം. ദീർഘകാല വെടിനിർത്തൽ യാഥാർഥ്യമാക്കാൻ മധ്യസ്​ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ചർച്ചകൾ തുടരുകയാണ്.

ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ്​ തലവൻ ഡേവിഡ് ബാർണിയയുമായും വില്യം ബേൺസ് ചർച്ച നടത്തി. റഫയിൽ ഇസ്രായേലിന്റെ ആസൂത്രിത സൈനിക നടപടിയെ അന്താരാഷ്ട്ര തലത്തിൽ വംശഹത്യക്കെതിരെ പ്രവർത്തിക്കുന്ന ലെംകിൻ ഇൻസ്റ്റിറ്റ്യൂട്ട് നിശിതമായി അപലപിച്ചു.

റഫയിലുൾപ്പടെ ഗസ്സയുടെ വിവധയിടങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. റഫയിലെ ഇസ്രായേൽ ബോംബ് ആക്രമണത്തിൽ നാല് പേരും മധ്യഗാസയിലെ നുസെറാത്ത് ക്യാമ്പിൽ അഞ്ച് പേരും കൊല്ലപ്പെട്ടു.

ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മൂന്ന് ഇസ്രായേൽ തടവുകാർ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പൗരന്മാർ രണ്ട് ഫലസ്തീനികൾക്ക് നേരെ വെടിയുതിർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. കൂടാതെ, കൽഖില്യ നഗരത്തിൽ ഇസ്രായേൽ സൈന്യം ഒരു ഫലസ്തീൻ പൗരനെ വധിക്കുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണവും ഇസ്രായേൽ തുടരുകയാണ്​. റഫയിൽ അൽജസീറ റിപ്പോർട്ടർ ഇസ്​മാഈൽ അബൂ ഉമറിനും കാമറമാൻ അഹ്​മദ്​ മതാറിനും ​ ആക്രമണത്തിൽ പരിക്കേറ്റു. അതിനിടെ യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. ഗസയിലേക്ക് അടിയന്തരമായി മാനുഷിക സഹായം എത്തിക്കാനും സംഘടനകൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കാൻ ക്രിയാത്മക ഇടപെടൽ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി.

TAGS :

Next Story