Quantcast

മൂന്ന് യുഎഇ ദ്വീപുകളിൽ ഇറാൻ കൈയേറ്റം; അപലപിച്ച് ജിസിസി

പേർഷ്യൻ കടലിലെ ഗ്രേറ്റർ തുൻബ്, ലെസ്സർ തുൻബ്, അബൂമൂസ ദ്വീപുകളിലെ കൈയേറ്റത്തിനെതിരെയാണ് ജിസിസി മന്ത്രിതല കൗൺസിലിന്റെ പ്രമേയം

MediaOne Logo

Web Desk

  • Published:

    2 Jun 2025 10:55 PM IST

GCC condemns Iranian aggression on three UAE islands
X

ദുബൈ: യുഎഇയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ദ്വീപുകളിൽ ഇറാൻ നടത്തിയ കൈയേറ്റത്തെ അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ. ദ്വീപുകൾക്ക് മേലുള്ള യുഎഇയുടെ പരമാധികാരത്തെ ശക്തമായി പിന്തുണയ്ക്കുന്നതായി കൗൺസിൽ വ്യക്തമാക്കി. പേർഷ്യൻ കടലിലെ ഏറ്റവും തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദ്വീപുകളാണിവ. പേർഷ്യൻ കടലിലെ ഗ്രേറ്റർ തുൻബ്, ലെസ്സർ തുൻബ്, അബൂമൂസ ദ്വീപുകളിലെ കൈയേറ്റത്തിനെതിരെയാണ് ജിസിസി മന്ത്രിതല കൗൺസിലിന്റെ പ്രമേയം. ദ്വീപുകളുമായി ബന്ധപ്പെട്ട് ഇറാൻ എടുക്കുന്ന തീരുമാനത്തിനോ പ്രവർത്തനങ്ങൾക്കോ നിയമപരമായ ഒരു സാധുതയുമില്ലെന്ന് കൗൺസിൽ വ്യക്തമാക്കി. ദ്വീപുകളുടെ നിയമപരവും ചരിത്രപരവുമായ വസ്തുതകളെ മാറ്റിമറിക്കാൻ കഴിയില്ല. ഇവയ്ക്ക് മേൽ യുഎഇക്കുള്ള പരമാധികാര അവകാശത്തെ ഏകകണ്ഠമായി പിന്തുണയ്ക്കുന്നു- ജിസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ദ്വീപുകളിൽ സൈനിക സന്നാഹത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഇറാൻ പദ്ധതികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജിസിസി കൂട്ടായ്മയുടെ പ്രമേയം. മെയ് രണ്ടാം വാരത്തിൽ ഇവിടങ്ങളിലെ സൈനിക സന്നാഹങ്ങൾ ഇറാൻ റവല്യൂഷണറി ഗാർഡ് വർധിപ്പിച്ചിരുന്നു. മാർച്ചിൽ മുതിർന്ന ഇറാൻ സൈനിക മേധാവികൾ ഇവിടത്തെ സൈനിക ബേസ് സന്ദർശിക്കുകയും ചെയ്തിരുന്നു.

ടൂറിസത്തിന്റെ ഭാഗമായി അബൂമൂസ ദ്വീപിൽ താമസ, വിനോദ പദ്ധതികൾ ഇറാൻ ആസൂത്രണം ചെയ്യുന്നുണ്ട്. മുപ്പത് ഹെക്ടറിൽ 110 ഭവനസമുച്ചയങ്ങൾ നിർമിക്കാനാണ് ആലോചന. വിഷയത്തിൽ ജിസിസി രാഷ്ട്രങ്ങൾക്കൊപ്പം യൂറോപ്യൻ യൂണിയനും യുഎഇയുടെ പരമാധികാരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story