ഇസ്രായേൽ-ഇറാൻ സംഘർഷം: അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയർന്ന് സ്വർണവില
ദുബൈയിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് നാല് ദിർഹം വർധിച്ചു

ദുബൈ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയും കുതിച്ചുയർന്നു. ദുബൈയിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 4 ദിർഹം വർധിച്ചു. വില ഗ്രാമിന് 412.75 ദിർഹമായി. യുദ്ധഭീതിയിൽ കൂടുതൽ സുരക്ഷിതമായ സ്വത്ത് എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ കൂടുതൽ പേർ രംഗത്തുവന്നതോടെയാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്.
ഇന്നലെ ഗ്രാമിന് 408.75 ദിർഹം വിലയുണ്ടായിരുന്ന 24 കാരറ്റ് സ്വർണം ഒറ്റരാത്രി കൊണ്ട് നാല് ദിർഹം ഉയർന്ന് വില 412.75 ദിർഹമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം സ്വർണം ഗ്രാമിന് 14 ദിർഹം വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 420 ദിർഹം എന്നതാണ് ഇതുവരെ സ്വർണത്തിന് ദുബൈയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ട്രംപിന്റെ ഇരട്ടചുങ്കത്തിന്റെ പശ്ചാത്തലത്തിലാണ് സ്വർണവില അന്ന് കുതിച്ചുയർന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ, 22 കാരറ്റ് സ്വർണം ഗ്രാമിന് 382.25 ദിർഹമായും 21 കാരറ്റ് സ്വർണം ഗ്രാമിന് 366.5 ദിർഹമായും 18 കാരറ്റ് ഗ്രാമിന് 314 ദിർഹമായും വില വർധിച്ചിട്ടുണ്ട്.
Adjust Story Font
16

