Quantcast

ഗ്ലോബൽ സിറ്റീസ് ഇൻഡെക്‌സിൽ മുന്നേറി ഗൾഫ് നഗരങ്ങൾ

മേഖലയിലെ മുൻനിര നഗരമെന്ന സ്ഥാനം നിലനിർത്തി ദുബൈ

MediaOne Logo

Web Desk

  • Updated:

    2025-10-22 08:28:44.0

Published:

21 Oct 2025 1:06 PM IST

Dubai Executive Council approves plans and policies to make Dubai the best city in the world
X

ദുബൈ: കിയേർണിയുടെ 2025 ലെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്‌സിൽ മുന്നേറി ഗൾഫ് നഗരങ്ങൾ. ദുബൈ, അബൂദബി, റിയാദ്, മനാമ, മസ്‌കത്ത് തുടങ്ങിയ നഗരങ്ങളാണ് സ്ഥാനം മെച്ചപ്പെടുത്തിയത്. അതേസമയം, മേഖലയിലെ മുൻനിര നഗരമെന്ന സ്ഥാനം ദുബൈ നിലനിർത്തി. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലും ജീവിത നിലവാരത്തിലും നിക്ഷേപം വർധിപ്പിച്ചതോടെയാണ് ഗൾഫ് നഗരങ്ങൾ മുന്നേറിയത്.

ഗ്ലോബൽ സിറ്റീസ് റിപ്പോർട്ട് പ്രകാരം, ജീവിതക്ഷമത, നവീകരണം, അടിസ്ഥാന സൗകര്യ നിക്ഷേപം എന്നിവയിലെ ആഗോള റാങ്കിംഗിലാണ് ഗൾഫ് നഗരങ്ങൾ മുന്നേറുന്നത്. മേഖലയിൽ ഒന്നാമതുള്ള ദുബൈ ആഗോളതലത്തിൽ 23-ാം സ്ഥാനത്തെത്തി. റിയാദ് എട്ട് സ്ഥാനങ്ങൾ മുന്നേറി 56-ാം സ്ഥാനത്തെത്തി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെയും ആഗോള കണക്റ്റിവിറ്റിയുടെയും പിന്തുണയോടെയാണ് മുന്നേറ്റം. മസ്‌കത്ത് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പട്ടികയിൽ 112ാം സ്ഥാനത്തെത്തി. 2022 മുതൽ മസ്‌കത്ത് 14 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ബഹ്റൈന്റെ തലസ്ഥാനമായ മനാമ പത്ത് സ്ഥാനങ്ങൾ മുന്നേറി 125-ാം സ്ഥാനത്തെത്തി.

അതേസമയം, മനുഷ്യ മൂലധന മെട്രിക്‌സിൽ അബൂദബിയും ദമ്മാമും ഏറെ പുരോഗതി കൈവരിച്ചു. വിദ്യാഭ്യാസ, കുടിയേറ്റ പരിഷ്‌കാരങ്ങളുടെ പിന്തുണയോടെയാണ് ഈ മുന്നേറ്റം.

ഭാവി സാധ്യതകൾ അളക്കുന്ന ഗ്ലോബൽ സിറ്റീസ് ഔട്ട്ലുക്കിൽ (ജിസിഒ) മ്യൂണിക്ക്, സിയോൾ, സിംഗപ്പൂർ എന്നിവ ആഗോളതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. എന്നാൽ ദുബൈ, റിയാദ്, ദോഹ, മനാമ എന്നിവയെല്ലാം സ്ഥിരതയുള്ള മുന്നേറ്റം നടത്തി. നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി പ്രതിരോധം എന്നിവയിലെ സുസ്ഥിര നിക്ഷേപമാണ് അവരുടെ പുരോഗതിക്ക് ആക്കം കൂട്ടുന്നതെന്ന് റിപ്പോർട്ട് കണ്ടെത്തി. ഗൾഫ് നഗരങ്ങളുടെ ദീർഘകാല അജണ്ടകൾ തിരിച്ചറിയാനാകുന്ന ഫലമുണ്ടാക്കുന്നുണ്ടെന്ന് കിയേർണി ഫോർസൈറ്റിന്റെ പ്രിൻസിപ്പൽ ബ്രെന്ന ബക്ക്സ്റ്റാഫ് പറഞ്ഞു.

ഗ്ലോബൽ സിറ്റീസ് ഇൻഡെക്‌സ് (ജിസിഐ) 158 നഗരങ്ങളെയാണ് വിലയിരുത്തുന്നത്. ബിസിനസ് പ്രവർത്തനം, മനുഷ്യ മൂലധനം, വിവര കൈമാറ്റം, സാംസ്‌കാരിക അനുഭവം, രാഷ്ട്രീയ ഇടപെടൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, ടോക്കിയോ, സിംഗപ്പൂർ എന്നീ നഗരങ്ങൾ ഗ്ലോബൽ സിറ്റീസ് ഇൻഡെക്‌സിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നിലനിർത്തി.

TAGS :

Next Story