Quantcast

ദുബൈ, ഷാർജ നഗരങ്ങളിൽ ശക്തമായ വേനൽമഴ

വീശിയടിച്ച കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു.

MediaOne Logo

Web Desk

  • Updated:

    2023-08-05 18:22:29.0

Published:

5 Aug 2023 6:20 PM GMT

ദുബൈ, ഷാർജ നഗരങ്ങളിൽ ശക്തമായ വേനൽമഴ
X

ദുബൈ: ദുബൈ, ഷാർജ നഗരങ്ങളിൽ ശക്തമായ വേനൽമഴ. വീശിയടിച്ച കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. വാഹനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നാശനഷ്ടം നേരിട്ടു. അടുത്ത ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റിന്റെ അകമ്പടിയോടെയാണ് ദുബൈയിലും, ഷാർജയിലും ഇന്ന് വൈകുന്നേരം മഴ കനത്തത്. വേനൽചൂട് ശക്തമായ സമയത്ത് അപ്രതീക്ഷിതമായി പെയ്ത മഴ ജനജീവിതത്തെ ബാധിച്ചു.

ദുബൈ നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളായ ദേര, ബർദുബൈ, കരാമ എന്നിവിടങ്ങളിലും, ഷാർജയിലെ റോള, നബ്ബ, അൽനഹ്ദ തുടങ്ങിയ നഗര മേഖലകളിലും മഴ ശക്തമായിരുന്നു. കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. കാറ്റിന്റെ ശക്തിയിൽ വഴിയരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഡസ്റ്റ് ബിന്നുകളും, റോഡ് അറ്റകുറ്റപണിക്കായുള്ള ഡിവൈറുകളും പറന്നു.

ആലിപ്പഴം വീണും, മരച്ചില്ലകൾ പതിച്ചും നിരവധി വാഹനങ്ങൾക്ക് നാശം നേരിട്ടു. വ്യാപാര സ്ഥാപനങ്ങൾക്ക് കടക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന വിൽപന ചരക്കുകൾ നനഞ്ഞു കുതിർന്നു. ദുബൈ കറാമയിൽ റെസ്റ്റോറന്റുകൾ മുന്നിൽ സ്ഥാപിച്ചിരുന്ന ഷെഡ്ഡുകളും ഇരിപ്പിടങ്ങളും കാറ്റിൽ പറന്നു. വൈകുന്നേരത്തെ നഗരഗതാഗതത്തെ മഴ സാരമായി ബാധിച്ചു. പലയിടത്തും ഗതാഗത കുരുക്ക് ശക്തമായി. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു എ ഇയുടെ പലഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ മഴക്കും, കാറ്റിനും, മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

TAGS :

Next Story