Quantcast

ഹിജ്റ പുതുവർഷം; ദുബൈയിൽ നാളെ സൗജന്യ പാർക്കിങ്

നാളത്തെ ദുബൈ മെട്രോ, ട്രാം സർവീസുകളുടെ സമയക്രമവും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    14 Jun 2026 5:13 PM IST

ഹിജ്റ പുതുവർഷം; ദുബൈയിൽ നാളെ സൗജന്യ പാർക്കിങ്
X

ദുബൈ: ഹിജ്റ പുതുവർഷം ആരംഭിക്കുന്നത് പ്രമാണിച്ച് ദുബൈയിലെ പൊതു പാർക്കിങ്ങുകൾ നാളെ സൗജന്യമായിരിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. നാളത്തെ പൊതു അവധിയുടെ ഭാ​ഗമായാണ് സൗജന്യ പാർക്കിങ്. അതേസമയം, ബഹുനില പാർക്കിങ്​ കേന്ദ്രങ്ങളിൽ സൗജന്യം ഉണ്ടായിരിക്കുന്നതല്ല. ജൂൺ 16ന് ചൊവ്വാഴ്ച സാധാരണ പോലെ പാർക്കിങ് ഫീസുകൾ ഏർപ്പെടുത്തും.

നാളത്തെ ദുബൈ മെട്രോ, ട്രാം സർവീസുകളുടെ സമയക്രമവും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലെ സർവീസുകൾ ജൂൺ 15 തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ അർധരാത്രി 12 മണി വരെ സർവീസ് നടത്തും. ദുബൈ ട്രാം സർവീസ് രാവിലെ 5 മണി മുതൽ പിറ്റേന്ന് പുലർച്ചെ 1 മണി വരെ ഉണ്ടായിരിക്കും. ബസ് സർവീസുകളിലും അതോറിറ്റി മാറ്റം വരുത്തിയിട്ടുണ്ട്. അൽ ഗുബൈബ ബസ് സ്റ്റേഷൻ മുതൽ അബൂദബി വരെയുള്ള ബസ് റൂട്ട് E100 നേരത്തെ ജൂൺ 13 ഇന്നലെ മുതൽ സർവീസ് നടത്തിയിരുന്നില്ല. ഇത് നാളെയും ഉണ്ടായിരിക്കില്ല.

പകരം, അബൂദബിയിലേക്ക് പോകുന്ന യാത്രക്കാർ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് E101 ഉപയോഗിക്കണമെന്ന് ആർ.ടി.എ നിർദേശിച്ചു. പൊതു ബസുകളുടെ അവധിക്കാല സമയക്രമം അറിയാൻ ‘സുഹൈൽ’ ആപ്പ് പരിശോധിക്കണമെന്നും അതോറിറ്റി അറിയിച്ചു. നാളെ ആർ.ടി.എയുടെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളും അടഞ്ഞുകിടക്കും. എന്നാൽ, ഉം റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ, ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകൾ വഴി ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമായിരിക്കും.

TAGS :

Next Story