Quantcast

ദുബൈയിൽ മലയാളി യുവതിയെ കുത്തിക്കൊന്ന കേസിൽ ഭർത്താവിന്റെ ജീവപര്യന്തം പത്ത് വർഷം തടവായി ഇളവ് ചെയ്തു

2019 സെപ്റ്റംബർ ഒമ്പതിനാണ് സംഭവം. അൽഖൂസിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്‌സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിദ്യയെ അവിടെ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    27 Dec 2021 1:47 PM GMT

40-year-old man arrested for marrying 11-year-old girl
X

ദുബൈയിൽ മലയാളി യുവതിയെ കുത്തിക്കൊന്ന കേസിൽ ഭർത്താവിന്റെ ജീവപര്യന്തം പത്ത് വർഷം തടവായി ഇളവ് ചെയ്തു. കൊല്ലം തിരുമുല്ലവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം നേമം സ്വദേശി യുഗേഷിന്റെ തടവ് ശിക്ഷയിലാണ് ദുബൈ അപ്പീൽ കോടതി ഇളവ് നൽകിയത്. തടവിന് ശേഷം നാടുകടത്തും. പ്രതിയുടെ കുടുംബ സാഹചര്യങ്ങളും പെൺമക്കൾ അനാഥരാകുന്നതും വിലയിരുത്തിയാണ് ശിക്ഷാ ഇളവ്.

2019 സെപ്റ്റംബർ ഒമ്പതിനാണ് സംഭവം. അൽഖൂസിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്‌സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിദ്യയെ അവിടെ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കുത്തി കൊലപ്പെടുത്തുകയായിരുന്നു. 16 വർഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മിലുള്ള കുടുംബ അസ്വാരസ്യങ്ങളാണ് കൊലയിലേക്ക് നയിച്ചത്. ഭാര്യയുടെ മേലുണ്ടായ സംശയമാണ് കുടുംബം തകരാനുള്ള പ്രധാന കാരണം. ഇതിന് പുറമെ, വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വെച്ച് യുഗേഷ് പത്ത് ലക്ഷം രൂപ വായ്പയെടുത്തിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.

ഓഫിസിൽ നിന്ന് വിദ്യയെ വിളിച്ചിറക്കി കാർ പാർക്കിങ്ങിലെത്തി. തുടർന്ന് നടന്ന തർക്കത്തിനൊടുവിൽ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഉടൻ സംഭവ സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകൾക്കകം ഇയാളെ ജബൽ അലിയിൽ നിന്ന് പിടികൂടി. കഴിഞ്ഞ വർഷം ദുബൈ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ശിക്ഷ ഇളവ്. പ്രതി കുറ്റം സമ്മതിച്ചിരുന്നു. 10, 11 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് മക്കളുണ്ട്. അനാഥരായ ഇവരുടെ ഭാവി കൂടി മുൻനിർത്തിയാണ് ശിക്ഷയിൽ ഇളവ് നൽകിയത്.


TAGS :

Next Story