Quantcast

കുട്ടികളിൽ പകർച്ചവ്യാധികൾ വർധിക്കുന്നു; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

വൈറൽ അണുബാധകളിൽനിന്ന് കരകയറാൻ ഏഴ് ദിവസം വരെ എടുത്തേക്കാം

MediaOne Logo

Web Desk

  • Published:

    12 Jan 2023 2:45 PM GMT

കുട്ടികളിൽ പകർച്ചവ്യാധികൾ വർധിക്കുന്നു;   മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
X

യു.എ.ഇയിലെ കാലാവസ്ഥാ മാറ്റം മൂലം കുട്ടികളിൽ പല തരത്തിലുള്ള പകർച്ചവ്യാധികൾ വർധിക്കുന്നതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ പല എമിറേറ്റുകളിലും ഇപ്പോൾ ഇടവിട്ട് പെയ്യുന്ന മഴയും അന്തരീക്ഷ താപനിലയിലെ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകളുമാണ് പകർച്ചാവ്യാധികൾ വർധിക്കാൻ കാരണമാകുന്നത്.

ഈർപ്പമുള്ള കാലാവസ്ഥയിൽ പുലർച്ചേ തന്നെ സ്‌കൂളുകളിലേക്ക് പുറപ്പെടുന്നതും കുട്ടികൾക്കിടയിലെ അനിയന്ത്രിതമായ കൂടുച്ചേരലുകളും പകർച്ചാ വ്യാധികൾ കുട്ടികളിൽ വളരെ പെട്ടെന്ന് വ്യാപിക്കാൻ കാരണമാകുന്നുണ്ട്.

ഇതിനുള്ള പ്രധാന പ്രതിവിധിയെന്നോണം ആരോഗ്യവിഭാഗം ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ചാറ്റൽ മഴ നനയുന്നത് കുട്ടികളിൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതിനാൽ ഇത്തരം കാലാവസ്ഥയിൽ മാതാപിതാക്കൾ മക്കൾക്ക് ആവശ്യമായ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകണം.

തണുത്തതും ഈർപ്പമുള്ളതുമായ അന്തരീക്ഷം അലർജിയുള്ള കുട്ടികളിൽ രോഗലക്ഷണങ്ങൾ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മൂക്കടപ്പ്, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, ശരീര വേദന, ക്ഷീണം എന്നിങ്ങനെയുള്ള വല്ല ലക്ഷണവും അനുഭവപ്പെട്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യകേന്ദ്രം സന്ദർശിച്ച് ആവശ്യമായ നടപടികൾ കൈകൊള്ളണം.

മഴയിൽ നനയുക, കളിസ്ഥലങ്ങളിലെയോ മറ്റോ അശുദ്ധവായു ശ്വസിക്കൽ, മോശം ശുചിത്വ രീതികൾ, പോഷകാഹാരക്കുറവ് എന്നിവയും അണുബാധയക്ക് കാരണമായേക്കാം.



കുട്ടികൾ, മണിക്കൂറുകളോളം നനഞ്ഞ വസ്ത്രം ധരിക്കുക, തണുപ്പിനെ പ്രതിരോധിക്കാൻ അനുയോജ്യമായ രീതിയിൽ വസ്ത്രം ധരിക്കാതിരിക്കുക, രോഗം ബാധിച്ച മുതിർന്നവരുമായോ മറ്റ് കുട്ടികളുമായോ സമ്പർക്കം പുലർത്തുക, ഇവയെല്ലാം രോഗം പടരാൻ കാരണമാകുമെന്നും രക്ഷിതാക്കൾ അവരെ പറഞ്ഞ് മനസ്സിലാക്കണം.

വൈറൽ അണുബാധകളിൽനിന്ന് കരകയറാൻ ഏഴ് ദിവസം വരെ എടുത്തേക്കാമെങ്കിലും ആവശ്യമായ പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ആരോഗ്യം വീണ്ടെടുക്കാൻ ഒരുപക്ഷെ ആഴ്ചകൾ വേണ്ടിവന്നേക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം.

കൃത്യമായ സമയത്ത് തന്നെ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നതും ഇത്തരം കാലാവസ്ഥാജന്യ രോഗങ്ങളിൽനിന്ന് രക്ഷ നേടാനുള്ള പ്രധാന മാർഗ്ഗമാണെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS :

Next Story