ഫോണും ടാബ്‌ലെറ്റും ഇനി ഒന്ന്,യുഎഇ വിപണി കീഴടക്കാൻ 'ഐഫോൺ ഡ്യുവോ' എത്തി;വിലയും സവിശേഷതകളും അറിയാം...
ആപ്പിൾ ഇതുവരെ പുറത്തിറക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ ഐഫോണാണിത്

ദുബൈ: ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ ഡ്യുവോ ഇന്ന് മുതൽ യുഎഇയിലെ വിപണിയിൽ. 8,499 ദിർഹം മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ആപ്പിൾ ഇതുവരെ പുറത്തിറക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ ഐഫോണാണിത്. ടാബ്‌ലെറ്റ് പോലെ തുറക്കാവുന്ന ഫോൾഡിങ് ഡിസ്‌പ്ലേ, പുതിയ മൾട്ടിടാസ്കിങ് ഫീച്ചറുകൾ, വേറിട്ട ഫോട്ടോഗ്രാഫി അനുഭവങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണം.
ഒക്ടോബർ 16 മുതലായിരുന്നു ഡ്യുവോയുടെ പ്രീ ഓർഡർ ആരംഭിച്ചിരുന്നത്. നിമിഷങ്ങൾക്കകം തന്നെ ലഭ്യമായ ഡെലിവറി സ്ലോട്ടുകൾ തീർന്നിരുന്നു. ഇതോടെ ഫോൺ ലഭിക്കാനുള്ള തീയതികൾ ഒക്ടോബറിൽ നിന്ന് നവംബർ, ഡിസംബർ മാസങ്ങളിലേക്കും അടുത്ത വർഷം 2027 ജനുവരിയിലേക്കും നീണ്ടിട്ടുണ്ട്. സ്റ്റോക്കുകളുടെ ലഭ്യത അനുസരിച്ച് യുഎഇയിലെ ആപ്പിൾ സ്റ്റോറുകൾ, ഔദ്യോഗിക ഓൺ ലൈൻ സ്റ്റോർ, ആപ്പിൾ സ്റ്റോർ ആപ്പ് എന്നിവ വഴി ഉപഭോക്താക്കൾക്ക് ഇനി നേരിട്ട് വാങ്ങാനാകും.
ഫോൾഡിങ് ഡിസൈനാണ് ഫോണിന്റെ പ്രധാന പ്രത്യേകത. മടക്കിവെച്ചിരിക്കുമ്പോൾ 5.4 ഇഞ്ച് സ്‌ക്രീനുള്ള ഒരു കോമ്പാക്ട് സ്മാർട്ട്‌ഫോണായി ഇത് ഉപയോഗിക്കാം. എന്നാൽ നിവർത്തുമ്പോൾ 7.6 ഇഞ്ച് വലിപ്പമുള്ള വലിയ ഡിസ്‌പ്ലേയായി മാറുന്നു. ഇത് വീഡിയോ കാണാനും വായിക്കാനും ജോലി ചെയ്യാനും ഒരേ സമയം രണ്ട് ആപ്പുകൾ ഉപയോഗിക്കാനും കൂടുതൽ സൗകര്യമൊരുക്കും. എന്നാൽ ഈ വലിയ സ്‌ക്രീനിന് ഭാരിച്ച വിലയും നൽകേണ്ടതുണ്ട്. ഉയർന്ന മോഡലായ 2TB വേരിയന്റിന് 13,599 ദിർഹമാണ് വില. എന്നാൽ ഫേസ് ഐഡി, ടെലിഫോട്ടോ ക്യാമറ തുടങ്ങിയ ചില പ്രോ മോഡൽ ഫീച്ചറുകൾ ഇതിൽ ഒഴിവാക്കിയിട്ടുമുണ്ട്.
ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ
ഐഫോൺ ഡ്യുവോ നാല് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. 256GB വേരിയന്റിനാണ് 8,499 ദിർഹം വില വരുന്നത്. 512GB വേരിയന്റിന് 9,349 ദിർഹം, 1TB വേരിയന്റിന് 11,049 ദിർഹം, 2TB വേരിയന്റിന് 13,599 എന്നിങ്ങനെയാണ് യുഎഇയിലെ വില. ഐഫോൺ 18 പ്രോ മാക്‌സിന്റെ ആരംഭ വിലയേക്കാൾ 3,000 ദിർഹം കൂടുതലാണ് ഡ്യുവോയുടെ ബേസ് മോഡലിന്. സ്റ്റാർ വൈറ്റ്, നൈറ്റ് സ്കൈ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. യോഗ്യതയ്ക്കനുസരിച്ച് പ്രതിമാസ ഇൻസ്റ്റാൾമെന്റ് സൗകര്യവും, പഴയ ഐഫോണുകൾ നൽകി എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരവും ആപ്പിൾ നൽകുന്നുണ്ട്.
എന്താണ് ഐഫോൺ ഡ്യുവോയെ വേറിട്ടുനിർത്തുന്നത്?
ഡിസ്‌പ്ലേയിലെ മാറ്റം തന്നെയാണ് പ്രധാനം. സാധാരണ ഐഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഒരു പുസ്തകം പോലെ തുറക്കാവുന്ന രീതിയിലാണ് ഇതിന്റെ ഘടന. ഫോണിന്റെ ഔട്ടർ, ഇന്നർ സ്ക്രീനുകളും 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. സ്‌ക്രീൻ മടക്കുന്ന ഭാഗത്തെ വരകൾ കുറയ്ക്കാൻ അകത്തെ ഡിസ്‌പ്ലേയിൽ പ്രത്യേക നാനോ-ടെക്‌സ്ചർ ഫിനിഷും നൽകിയിട്ടുണ്ട്.
ഒരേ സമയം രണ്ട് ആപ്പുകൾ ഉപയോഗിക്കാം
ഡ്യുവോയുടെ മറ്റൊരു പ്രധാന പ്രത്യേകതയാണ് സപ്ലിറ്റ് വ്യൂ. ഇതിലൂടെ ഒരേ സമയം രണ്ട് ആപ്പുകൾ വശങ്ങളിലായി തുറന്നുവെച്ച് ഉപയോഗിക്കാം. ഡോക്യുമെന്റുകൾ വായിക്കുന്നതിനൊപ്പം ഇമെയിൽ ടൈപ്പ് ചെയ്യാം. വെബ്‌സൈറ്റുകൾ തിരയുന്നതിനൊപ്പം കുറിപ്പുകൾ തയാറാക്കാം. മൾട്ടിടാസ്കിങ്ങിനായി വികസിപ്പിച്ച iOS 27.1 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറാ ഫീച്ചറുകൾ
48MP മെയിൻ ക്യാമറ, 48MP അൾട്രാ വൈഡ് ക്യാമറ, 12MP ഔട്ടർ സ്‌ക്രീൻ ക്യാമറ, ഇന്നർ സ്‌ക്രീനിലെ അണ്ടർ-ഡിസ്‌പ്ലേ ഫേസ്‌ടൈം ക്യാമറ എന്നിങ്ങനെയാണ് ഫോണിലെ ക്യാമറാ ഫീച്ചറുകൾ. ഫോട്ടോ എടുക്കുമ്പോൾ പുറത്തെ സ്‌ക്രീനിൽ പ്രിവ്യൂ കാണാൻ സാധിക്കുന്ന ഡ്യുവോ പ്രിവ്യൂ, ക്യാമറ സ്വയം ഫോട്ടോ പകർത്തുന്ന സ്മാർട്ട് ടേക്ക്, കുട്ടികളുടെ ശ്രദ്ധ ആകർഷിക്കാൻ പുറത്തെ സ്‌ക്രീനിൽ ആനിമേഷനുകൾ തെളിയുന്ന കിഡ് ക്യൂ എന്നിവയും ഡ്യുവോയുടെ പ്രത്യേകതകളാണ്. എന്നാൽ ഫോണിൽ പ്രെത്യേകം ടെലിഫോട്ടോ ലെൻസ് നൽകിയിട്ടില്ല. പ്രധാന ക്യാമറയിൽ നിന്നുള്ള 2x ക്രോപ്പ് ഉപയോഗിച്ചാണ് സൂം ചെയ്യുന്നത്.
ഫേസ് ഐഡിക്ക് പകരം സൈഡ് ബട്ടണിൽ ഉൾപ്പെടുത്തിയ ടച്ച് ഐഡി ഫിംഗർപ്രിന്റ് അൺലോക്കിങ് സിസ്റ്റമാണ് ആപ്പിൾ ഇതിൽ നൽകിയിരിക്കുന്നത്. ഫോൺ ഭാഗികമായി മടക്കി മേശപ്പുറത്ത് വെച്ച് ഫേസ്‌ടൈം കോളുകൾ ചെയ്യാനും വീഡിയോകൾ കാണാനും സാധിക്കും. ആപ്പിൾ പെൻസിൽ (USB-C) സപ്പോർട്ട് ഉണ്ടെങ്കിലും, ഇത് 2026-ൽ വരുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ മാത്രമേ ലഭ്യമാകൂ. A20 പ്രോ ചിപ്പിലാണ് പ്രവർത്തനം. രണ്ട് ഭാഗങ്ങളിലായി രണ്ട് ബാറ്ററികൾ നൽകിയിട്ടുണ്ട്. 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ആപ്പിൾ അവകാശപ്പെടുന്നു. 254 ഗ്രാംമാണ് ഈ ഫോണിന്റെ ഭാരം. ടൈറ്റാനിയം ഫ്രെയിം, IP68 വാട്ടർ റസിസ്റ്റൻസ്, eSIM എന്നിവയാണ് മറ്റ് സവിശേഷതകൾ.
ആക്സസറികളുടെ വിലയും സംരക്ഷണവും
ഡ്യുവോ കേസിന് 319 ദിർഹമാണ് വില. ഫോളിയോ വിത്ത് കിക്ക്സ്റ്റാന്റ് കേസിന് 529 ദിർഹം, 2 വർഷത്തേക്ക് ആപ്പിൾകെയർ+ 1,349 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. ബേസ് മോഡലും ആപ്പിൾകെയർ പ്ലസും കവറും കൂടി വാങ്ങുമ്പോൾ ആകെ തുക 10,000 ദിർഹത്തിന് മുകളിലാകും. ഫോണും ടാബ്‌ലെറ്റും വേറെവേറെ കൊണ്ടുനടക്കുന്നതിന് പകരം ഒറ്റ ഡിവൈസ് ആഗ്രഹിക്കുന്നവർക്കും, വലിയ സ്‌ക്രീനിൽ വായിക്കാനും ജോലികൾ ചെയ്യാനും ഇഷ്ടപ്പെടുന്നവർക്കും ഇത് ഉപകാരപ്പെടും. എന്നാൽ മികച്ച ക്യാമറയും ഫേസ് ഐഡിയും കുറഞ്ഞ വിലയും ആഗ്രഹിക്കുന്നവർക്ക് സാധാരണ പ്രോ മോഡലുകൾ തന്നെയാകും കൂടുതൽ അനുയോജ്യം.
Adjust Story Font
16

