'ഇറാന് വീണ്ടും തെറ്റുപറ്റി, ഭീഷണികൾക്ക് മുന്നിൽ യുഎഇ തളരില്ല'- ഡോ.അൻവർ ഗർഗാഷ്
ഇറാനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് യുഎഇ ഉന്നത ഉദ്യോഗസ്ഥർ

ദുബൈ: യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ ഉന്നത നേതൃത്വം. സിവിലിയൻ കേന്ദ്രങ്ങളെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾ മേഖലയുടെ സ്ഥിരതയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണിയാണെന്നും, ഇത്തരം ഭീഷണികൾക്ക് മുന്നിൽ യുഎഇ വഴങ്ങില്ലെന്നും അധികൃതർ വ്യക്തമാക്കി.
സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാന്റെ ധാർമിക പാപ്പരത്തമാണ് കാണിക്കുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. ഇറാൻ വീണ്ടും തെറ്റായ കണക്കുകൂട്ടലുകളാണ് നടത്തിയിരിക്കുന്നത്. ഈ പ്രകോപനം കൊണ്ട് യുഎഇയെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ കടൽക്കൊള്ളയ്ക്ക് തുല്യമാണ്. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തുന്ന ഇറാനാണ് മേഖലയിലെ സംഘർഷങ്ങൾക്ക് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഎഇ പ്രതിരോധ സമിതി അധ്യക്ഷൻ ഡോ. അലി അൽ നുഐമി ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഇറാന്റെ തന്ത്രത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാൻ ആഗ്രഹിക്കാത്ത ഒരു ഭരണകൂടത്തെ ഉത്തരവാദിത്തമുള്ള അന്താരാഷ്ട്ര ശക്തിയായി വിശ്വസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഇന്ന് ഒരു ആഗോള പ്രശ്നമായി മാറിയിരിക്കുകയാണെന്നും ലോകരാജ്യങ്ങൾ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ പ്രൊഫ. അബ്ദുൽ ഖാലിഖ് അബ്ദുല്ല ആവശ്യപ്പെട്ടു. സ്വന്തം പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ യുഎഇക്ക് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റിരുന്നു. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അഡ്‌നോക്കിന്റെ ടാങ്കറിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനെതിരെ കർശന നിലപാടുമായി യുഎഇ രംഗത്തെത്തിയത്. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് യുഎഇക്ക് ലഭിക്കുന്ന പിന്തുണയെ രാജ്യം വിലമതിക്കുന്നതായും, അക്രമികളെ ഒറ്റപ്പെടുത്താൻ ലോകം തയ്യാറാവണമെന്നും ഡോ. അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു.
Adjust Story Font
16

