കാത്തുനിൽപ്പ് അവസാനിക്കുന്നു; അബൂദബി മുഷ്‌രിഫ് മാളിൽ ഇനി ടിക്കറ്റില്ലാ എ.ഐ പാർക്കിങ്
ഫീസ് ദർബ് വാലറ്റ് വഴി ഈടാക്കുമെന്ന് അധികൃതർ

അബൂദബി: മാളുകളിലെ പാർക്കിങ് തിരക്കുകൾക്കും ഗതാഗതക്കുരുക്കിനും സ്മാർട്ട് പരിഹാരവുമായി അബൂദബി മുഷ്‌രിഫ് മാൾ. ടിക്കറ്റുകളോ പേയ്‌മെന്റ് മെഷീനുകളോ ഇല്ലാതെ പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 'ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിങ് സംവിധാനമാണ്' മാളിൽ ഏർപ്പെടുത്തുന്നത്. ജൂൺ 23 മുതൽ പുതിയ സംവിധാനം പ്രവർത്തനസജ്ജമാകും. പ്രമുഖ സ്മാർട്ട് പാർക്കിങ് കമ്പനിയായ 'ക്യൂ മൊബിലിറ്റി', ലുലു ഗ്രൂപ്പിന് കീഴിലുള്ള 'ലൈൻ ഇൻവെസ്റ്റ്‌മെന്റ്സ് ആന്റ് പ്രോപ്പർട്ടി'യുമായി സഹകരിച്ചാണ് ഈ അത്യാധുനിക സംവിധാനം മാളിൽ ഒരുക്കിയിരിക്കുന്നത്.
മാളിന്റെ പാർക്കിങ് ഏരിയയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഓട്ടോമാറ്റിക്കായി റീഡ് ചെയ്ത് രേഖപ്പെടുത്തും. തുടർന്ന്, വാഹനം പാർക്ക് ചെയ്ത സമയത്തിനനുസരിച്ചുള്ള തുക ഉപയോക്താവിന്റെ 'ദർബ്' വാലറ്റിൽ നിന്ന് നേരിട്ട് ഈടാക്കും. പാർക്കിങ് മെഷീനുകളിൽ ക്യൂ നിൽക്കുകയോ, എസ്.എം.എസ് വഴി പണമടയ്ക്കുകയോ ഇനി വേണ്ടതില്ല. പാർക്കിങ് ഫീസ് അടയ്ക്കാതിരുന്നാലുള്ള പിഴകൾ ഒഴിവാക്കാൻ, മുഷ്‌രിഫ് മാൾ സന്ദർശിക്കുന്ന വാഹന ഉടമകൾ തങ്ങളുടെ 'ദർബ്' വാലറ്റിൽ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
മാളിനകത്തെ വാഹന ഗതാഗതം സുഗമമാക്കാനും, പാർക്കിങ് ഏരിയകളിലെ തിരക്ക് കുറയ്ക്കാനും, ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഒഴിഞ്ഞ പാർക്കിങ് സ്പേസുകൾ കണ്ടെത്താനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് ക്യൂ മൊബിലിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് കർമസ്തജി വ്യക്തമാക്കി. അബൂദബിയുടെ സ്മാർട്ട് സിറ്റി ലക്ഷ്യങ്ങൾക്കും ഡിജിറ്റൽ വികസനത്തിനും പുതിയ സംവിധാനം കരുത്തുപകരുമെന്ന് ലൈൻ ഇൻവെസ്റ്റ്‌മെന്റ്സ് ഡയറക്ടർ വാജിബ് ഖൗരി, അബൂദബി റീജിയണൽ ജനറൽ മാനേജർ ബിജു ജോർജ് എന്നിവരും അറിയിച്ചു. അബൂദബിയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഭാവിയിൽ ഈ 'ഫ്രീ ഫ്ലോ' പാർക്കിങ് സംവിധാനം വ്യാപിപ്പിക്കാൻ ക്യൂ മൊബിലിറ്റിക്ക് പദ്ധതിയുണ്ട്.
Adjust Story Font
16

