അബൂദബിയിൽ ഒരു മരണം കൂടി; യുഎഇയിൽ മരണസംഖ്യ എട്ടായി
ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടം

അബൂദബി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബൂദബിയിൽ ഒരു മരണം കൂടി. അബൂദബിയിലെ ബനിയാസിലുണ്ടായ മിസൈൽ ആക്രമണത്തിൽ പാക് സ്വദേശിയാണ് മരിച്ചത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ബാലിസ്റ്റിക് മിസൈൽ തടഞ്ഞതിനെ തുടർന്ന് അവശിഷ്ടങ്ങൾ പതിച്ചാണ് അപകടം. ഇതോടെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുഎഇയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി.
കഴിഞ്ഞ ദിവസം അബൂദബിയിലെ അൽ ബാഹിയ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്നാണ് അബൂദബി മീഡിയ ഓഫീസ് അറിയിച്ചിരുന്നത്. ഇതിനു മുമ്പുണ്ടായ ആക്രമണങ്ങളിൽ യുഎഇ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറുപേർ കൊല്ലപ്പെട്ടിരുന്നു. ആകെ 145 പേർക്കാണ് പരിക്കേറ്റത്. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസം പ്രതിരോധിച്ചത് 6 ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും
മാർച്ച് 16-ന് യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിൽ നിന്ന് വിക്ഷേപിച്ച 6 ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം, യുഎഇ വ്യോമ പ്രതിരോധം 304 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,627 ഡ്രോണുകളുമാണ് ഇതുവരെ പ്രതിരോധിച്ചത്.
Adjust Story Font
16

