Quantcast

മലയോര പ്രദേശങ്ങളിൽ മഴ; യുഎഇയിൽ ചൂട്​ കുറഞ്ഞു

ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ്​ ചൂടിന്​ ആശ്വാസം പകർന്ന്​ മഴ ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    8 Jun 2025 10:26 PM IST

മലയോര പ്രദേശങ്ങളിൽ മഴ;  യുഎഇയിൽ ചൂട്​ കുറഞ്ഞു
X

ഫുജൈറ: രാജ്യത്തിന്‍റെ മലയോര പ്രദേശങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും മഴ ലഭിച്ചു. ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ്​ ചൂടിന്​ ആശ്വാസം പകർന്ന്​ മഴ ലഭിച്ചത്​. മഴയെ തുടർന്ന്​ രാജ്യത്താകമാനം താപനിലയിൽ കുറവ്​ രേഖപ്പെടുത്തി.

രാജ്യത്തിന്‍റെ വടക്കുകിഴക്കൻ മേഖലകളായ ഫുജൈറയിലെ വാദി അൽ സിദ്​ർ, ഷാർജയിലെ ഖോർഫക്കാൻ, വാദി ശീസ്​, റാസൽഖൈമയിലെ മസാഫി എന്നിവിടങ്ങളിലാണ് മൂന്നു ദിവസങ്ങളിലായി മഴ ലഭിച്ചത്. പലയിടങ്ങളിലും മഴയെ തുടർന്ന് ​മലയടിവാരങ്ങളിൽ വെള്ളം കുത്തിയൊലിച്ചു. മഴ സാധ്യത കണക്കിലെടുത്ത്​ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ഓറഞ്ച്​ അലർട്ട് പുറപ്പെടുവിച്ചിരുന്നു.

മഴ ലഭിച്ചതോടെ രാജ്യത്താകമാനം ചൂടിന്​ ശമനമായി. രാജ്യത്ത് ഞായറാഴ്ച​ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്​ ഷാർജയിലെ ദൈദിലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ ഉച്ചയ്ക്ക് രണ്ടു മണിക്ക്​​ 43 ഡിഗ്രിയായിരുന്നു താപനില. കഴിഞ്ഞ ആഴ്ച തുടർച്ചയായ ദിവസങ്ങളിൽ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.

തിങ്കളഴാഴ്ചയും രാജ്യത്തിന്‍റെ കിഴക്കൻ, വടക്കൻ മേഖലകളിൽ നല്ല മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയാണ്​ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മണിക്കൂറിൽ 35 കി.മീറ്റർ വരെ വേഗതയിൽ കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ പകൽ സമയത്ത് പൊടിക്കാറ്റിന് സാധ്യതയുണ്ട്​.

TAGS :

Next Story