റമദാൻ; യു.എ.ഇയിൽ 4700 ലേറെ തടവുകാർക്ക് മോചനം
യു.എ.ഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമാണ് തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്
ദുബൈ: യു.എ.ഇയിൽ റമദാനോടനുബന്ധിച്ച് 4700 ലേറെ തടുവുകാർക്ക് മോചനം. യു.എ.ഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമാണ് തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.
പാപമോചനത്തിന്റെ മാസത്തിൽ നാലായിരത്തി എഴുനൂറിലേറെ തടവുകാരാണ് യു.എ.ഇയിൽ പുതിയ ജീവിതത്തിലേക്ക് മോചിതരാവുക. യു.എ.ഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് തടവുകാർക്കും അവരുടെ കുടുംബത്തിന് പുതിയ ജീവിതം ആശംസിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം വിവിധ രാജ്യക്കാരായ 1856 തടവുപുള്ളികളെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി 738 പേർക്കാണ് ജയിൽ മോചനം സാധ്യമാക്കുന്നത്. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽനുഐമി 134 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. റാസൽഖൈമയിലെ ജയിലുകളിൽ നിന്ന് 407 പേരെയാണ് ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ ആൽഖാസിമി മോചിപ്പിക്കുന്നത്. ഫുജൈറയിൽ 125 തടവുകാർ ഈ റമദാനിൽ പുറത്തിറങ്ങും. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽശർഖിയാണ് ഇതിനായി ഉത്തരവ് പുറത്തിറക്കിയത്.
Adjust Story Font
16

