ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് റാസൽ ഖൈമ
50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്
റാസൽ ഖൈമ: ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് റാസൽ ഖൈമ. 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഗുരുതര കുറ്റകൃത്യങ്ങൾക്ക് പിഴയിളവ് ബാധകമല്ല. 53ാം യുഎഇ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ട്രാഫിക് പിഴകൾക്ക് ഇളവു നൽകാനുള്ള റാസൽ ഖൈമ പൊലീസിന്റെ തീരുമാനം. ഡിസംബർ ഒന്നിനു മുമ്പുള്ള നിയമലംഘനങ്ങൾക്കാണ് ഇളവു ലഭിക്കുക. അടുത്ത മാസം ഒന്നു മുതൽ 31 വരെ പിഴ അടയ്ക്കാനുള്ള സൗകര്യമുണ്ട്.
കഴിഞ്ഞ ദിവസം ഉമ്മുൽ ഖുവൈനും ട്രാഫിക് നിയമലംഘനകൾക്ക് ചുമത്തിയ പിഴകളിൽ 50 ശതമാനം ഇളവു നൽകിയിരുന്നു. ഡിസംബർ ഒന്നിന് മുമ്പുള്ള പിഴകൾക്കാണ് ഇളവ് ബാധകമാകുക. പിഴയിളവിനൊപ്പം ബ്ലാക് പോയിന്റുകളും ഇല്ലാതാകും.
സാഹസികമായി വാഹനമോടിക്കുക, ഓവർടേക്കിങ് നിരോധിച്ച സ്ഥലത്ത് ട്രക്ക് ഡ്രൈവർമാർ ഓവർടേക്ക് ചെയ്യുക, മുൻകൂർ അനുമതിയില്ലാതെ വാഹനത്തിന് രൂപമാറ്റം വരുത്തുക തുടങ്ങിയവയാണ് ഗൗരവമേറിയ നിയമലംഘനങ്ങൾ. ഇളവ് പ്രയോജനപ്പെടുത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിൽ പിഴകളിൽ ഇളവു നൽകുന്ന പതിവുണ്ട്.
Adjust Story Font
16