ദുബൈയിലെ സർക്കാർ ജീവനക്കാർ ഓഫിസിൽ വരേണ്ട: വീടിനടുത്ത ലൈബ്രറിയിലിരുന്ന് പണിയെടുക്കാം
ദുബൈ തൊഴിൽവകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലാസിയാണ് പ്രഖ്യാപനം നടത്തിയത്

ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് നാളെ മുതൽ ഓഫീസിൽ വരാതെ ജോലി ചെയ്യാം. ആദ്യഘട്ടത്തിൽ ഇവർക്ക് വീടിന് സമീപത്തെ പൊതു ലൈബ്രറിയിൽ എത്തി ജോലി ചെയ്യാനാണ് സൗകര്യമൊരുക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ നാളെ പ്രഖ്യാപിക്കും. റമദാനിലെ വെള്ളിയാഴ്ചകളിൽ ഫെഡറൽ സർക്കാർ ജീവനക്കാരിൽ 70 ശതമാനം പേർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനും സർക്കാർ അനുമതി നൽകി.
ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിൽ നടക്കുന്ന റിമോട്ട് ഫോറത്തിലാണ് ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് നാളെ മുതൽ വീടിനടുത്തെ പബ്ലിക് ലൈബ്രററിയിൽ ഇരുന്നും ജോലി ചെയ്യാമെന്ന പ്രഖ്യാപനമുണ്ടായത്. ദുബൈ തൊഴിൽവകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലാസിയാണ് പ്രഖ്യാപനം നടത്തിയത്. തൊഴിൽ മേഖലക്ക് പുറമെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും വിദൂര ജോലി സംവിധാനം നടപ്പാക്കാനുള്ള സർക്കാർ അജണ്ടയുടെ ഭാഗമായാണ് തീരുമാനം.
67,000 ജീവനക്കാർക്ക് ഈ തീരുമാനം ഉപകാരപ്പെടും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാൻ കൂടി ഇത് ഉപകരിക്കും. 61 സർക്കാർ ഓഫിസുകളിലാണ് ഇത് നടപ്പാക്കുന്നത്. സംവിധാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാളെ പ്രഖ്യാപിക്കുമെന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്സ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു.
വിദൂര സംവിധാനത്തിന് പ്രത്യേക നയം രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയിൽ ഇത് നടപ്പാക്കുമോ എന്ന ചോദ്യത്തിന് സർക്കാർ മാതൃക കാണിക്കുകയാണെന്നും, സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭത്തെ ബാധിക്കുന്നവിധം ഇക്കാര്യത്തിൽ നിബന്ധന അടിച്ചേൽപ്പിക്കില്ലെന്നായിരുന്നു മറുപടി.
Adjust Story Font
16

