പ്രവാസികൾക്ക് ആശ്വാസം; അബൂദബിയിൽ വാടക വർധനക്ക് വിലക്ക്
റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ പ്രോപ്പർട്ടികൾ നിലവിലെ വാടകയിൽ കരാർ തുടരണം

അബൂദബി: അബൂദബിയിൽ വാടക വർധനക്ക് വിലക്ക്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ പ്രോപ്പർട്ടികൾ നിലവിലെ വാടകയിൽ കരാർ തുടരണം. പുതിയ കരാറുകൾക്കും നിലവിലുള്ളത് പുതുക്കുന്നതിനും ഇത് ബാധകമാകും. നഗരത്തിൽ താത്കാലിക വാടക മരവിപ്പിക്കൽ നടപ്പാക്കുന്നതായി അബൂദബി റിയൽ എസ്റ്റേറ്റ് സെന്ററാണ് ഇന്ന് പ്രഖ്യാപിച്ചത്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു.
ഇതോടെ ഈ കാലയളവിൽ എല്ലാ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, വ്യാവസായിക വാടക കരാർ പുതുക്കലും വർധനവില്ലാതെ തന്നെ നടപ്പാക്കണം. മുമ്പ് വാടകയ്‌ക്കെടുത്ത യൂണിറ്റിനായുള്ള പുതിയ വാടക കരാർ മുമ്പത്തെ കരാറിന്റെ അതേ നിരക്കിൽ തന്നെ ലഭിക്കും.
നിലവിലുള്ള അബൂദബി നിയമപ്രകാരം ഉടമകൾക്കും പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനികൾക്കും പ്രതിവർഷം അഞ്ച് ശതമാനം വരെ വാടക വർധിപ്പിക്കാൻ കഴിയുമായിരുന്നു. ഇതിനായി കരാർ പുതുക്കുന്നതിന് കുറഞ്ഞത് രണ്ട് മാസം മുമ്പെങ്കിലും വാടകക്കാരെ അറിയിച്ചാൽ മതിയിരുന്നു. പുതിയ നിയമത്തോടെ വാടക വർധിപ്പിക്കാനാകില്ല.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വാടക നിരക്ക് മരവിപ്പിച്ചത്. ജനങ്ങൾ സാമ്പത്തിക ആശ്വാസം നൽകുകയും വിപണിസ്ഥിരത ഉറപ്പാക്കുകയുമാണ് ലക്ഷ്യം. പ്രവാസികളടക്കമുള്ളവർക്ക് ഇത് വലിയ ആശ്വാസമാകും. കച്ചവട സ്ഥാപനങ്ങൾക്കും സഹായമാകും.
Adjust Story Font
16

