1.21 ലക്ഷം ദിർഹമുള്ള ജാക്കറ്റടക്കം 2025ൽ യുഎഇയിൽ കളഞ്ഞുപോയത് 22,467 വസ്തുക്കൾ
36,403 വസ്തുക്കൾ കണ്ടെത്തി

ദുബൈ: 1.21 ലക്ഷം ദിർഹം വിലയുള്ള ജാക്കറ്റടക്കം 2025ൽ യുഎഇയിൽ കളഞ്ഞുപോയത് 22,467 വസ്തുക്കൾ. അതേസമയം, 36,403 വസ്തുക്കൾ കണ്ടെത്തി. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2025 ഡിസംബർ 31-നാണ് ഏകദേശം 1,21,974 ദിർഹമുള്ള കറുത്ത ജാക്കറ്റ് ലഭിച്ചത്. ഉടമസ്ഥത അവകാശപ്പെട്ട് ആരും ഇതുവരെ രംഗത്തുവന്നിട്ടില്ല.
കളഞ്ഞുപോയ വസ്തുക്കളിൽ 21,076 എണ്ണവും തിരിച്ചറിയൽ കാർഡുകളാണ്. അഥവാ 93.8 ശതമാനം. 1,126 എണ്ണം പാസ്പോർട്ടുകളും, 19 എണ്ണം വീതം മൊബൈൽ ഫോണുകളും ലൈസൻസ് പ്ലേറ്റുകളുമാണ്. 11 ലാപ്ടോപ്പുകളും നഷ്ടപ്പെട്ടു.
അതേസമയം, കണ്ടെത്തിയ സാധനങ്ങളിൽ കൂടുതലും പണമാണ്. പണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ 8,726 എണ്ണമാണുള്ളത്. 1,208 വാലറ്റുകൾ, 1,168 വ്യക്തിഗത ഐഡി കാർഡുകൾ, 724 റെസിഡന്റ് ഐഡികൾ, 666 റിങ്ങുകൾ എന്നിവയും കണ്ടെത്തി.
യുഎഇയിൽ കണ്ടെത്തിയ 36,403 ഇനങ്ങളിൽ 36,076 എണ്ണം അഥവാ 99.1 ശതമാനവും ദുബൈയിലാണ്. അതിൽ തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കൂടുതലും, 34,845 കേസുകളാണ് ദുബൈ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്. ശൈത്യകാല ടൂറിസ്റ്റ് സീസണിന്റെ പീക്കായ ഡിസംബറിലാണ് കൂടുതൽ കേസുകൾ. 2,806 നഷ്ടപ്പെട്ട റിപ്പോർട്ടുകളും 3,680 കണ്ടെത്തിയ റിപ്പോർട്ടുകളും ഈ മാസം ഫയൽ ചെയ്തു.
Adjust Story Font
16

