Quantcast

യുഎഇയിൽ സ്കൂൾ തുറക്കുന്നു; സാഹചര്യം പരി​ഗണിച്ച് വിദ്യാലയങ്ങൾക്ക് ഓൺലൈൻ, ഓഫ്‍ലൈൻ രീതികൾ തെരഞ്ഞെടുക്കാം

അടിയന്തര സാഹചര്യങ്ങളിൽ ഈ രണ്ട് രീതികളും മാറി മാറി ഉപയോഗിക്കാൻ അനുമതിയുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-04-19 16:23:55.0

Published:

19 April 2026 4:48 PM IST

Schools reopen in the UAE; schools can choose between online and offline methods, considering the situation
X

ദുബൈ: യുഎസ് - ഇസ്രായേൽ - ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ, യുഎഇയിലെ സ്കൂളുകൾ നാളെ മുതൽ നേരിട്ടുള്ള അധ്യയനത്തിനായി വീണ്ടും തുറക്കുന്നു. വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുക്കിയിരിക്കുന്നത്. സാഹചര്യം പരിഗണിച്ച് നേരിട്ടുള്ള അധ്യയനമോ ഓൺലൈൻ പഠനമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്കൂളുകൾക്കുണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ ഈ രണ്ട് രീതികളും മാറി മാറി ഉപയോഗിക്കാൻ അനുമതിയുണ്ട്.

ഓൺലൈൻ പഠനവും, വസന്തകാല അവധിയുമൊക്കെയായി അമ്പത് ദിവസത്തിലേറെ നീളുന്ന ഇടവേളക്ക് ശേഷമാകും യുഎഇയിലെ വിദ്യാർഥികളിൽ നാളെ ക്ലാസ് മുറികളിൽ തിരിച്ചെത്തുക. നഴ്സറികൾക്കും, സ്കൂളുകൾക്കും പുറമേ, രാജ്യത്തെ സർവകലാശാലകളും നാളെ ക്ലാസ്പഠനം പുനാരാരംഭിക്കുകയാണ്. ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലെ നാല് സ്കൂളുകളിലും നാളെ മുതൽ ക്ലാസ് പഠനം സജീവമാകും. ക്ലാസ്പഠനം പുനരാരംഭിക്കാനുള്ള മുഴുവൻ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ, വിവിധ സ്വകാര്യമാനേജ്മെന്റ് സ്കൂളുകൾ ക്ലാസ്പഠനം ആരംഭിക്കാൻ വൈകുമെന്ന് അറിയിച്ചിട്ടുണ്ട്. അവ ഓൺലൈൻ പഠനം തുടരും.

ചില സ്കൂളുകൾ ഓൺലൈൻ പഠനവും, ക്ലാസ് പഠനവും ഒന്നിച്ച് ഹൈബ്രിഡ് രീതിയിലും ക്ലാസ് നടത്തും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ അതോറിറ്റികൾ സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ക്ലാസ്പഠനം തുടങ്ങുന്ന ദിവസം തന്നെ സ്കൂൾബസ് സേവനം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. നാളെ ക്ലാസ് പഠനത്തിനൊപ്പം സ്കൂൾ ബസ് സർവീസുകളും നാളെ പുനരാരംഭിക്കും. കെ.എച്ച്.ഡി.എ പോലെയുള്ള അതോറിറ്റികളുടെ പ്രത്യേക അനുമതി ലഭിക്കുന്നതിനനുസരിച്ചായിരിക്കും ഓരോ സ്കൂളും തുറക്കുക. സ്കൂൾ സമയത്ത് എന്തെങ്കിലും മുൻകരുതൽ നിർദേശങ്ങൾ ഉണ്ടായാൽ പാലിക്കേണ്ട കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ അധ്യാപകർക്കും ജീവനക്കാർക്കും നൽകിയിട്ടുണ്ട്. നിലവിൽ വിദേശത്തുള്ളവർക്കോ അല്ലെങ്കിൽ ഉടൻ സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിലുള്ള കുടുംബങ്ങൾക്കോഡിജിറ്റൽ പഠന സൗകര്യങ്ങൾ തുടരും.

TAGS :

Next Story