സുരക്ഷയിൽ ഗൾഫ് നഗരങ്ങൾ തന്നെ മുന്നിൽ; പട്ടികയിൽ ആദ്യ പത്തിൽ ഏഴെണ്ണവും ഗൾഫിൽ
ആഗോളതലത്തിൽ 148ാം സ്ഥാനത്തായി തിരുവനന്തപുരവും പട്ടികയിലുണ്ട്

ദുബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ ഏഴും ഗൾഫ് രാജ്യങ്ങളിലാണെന്ന് റിപ്പോർട്ട്. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇയിലെ അഞ്ച് നഗരങ്ങൾ മുൻനിരയിൽ ഇടം നേടി. ഏഴ് എമിറേറ്റുകളുള്ള യു.എ.ഇയിലെ അഞ്ച് നഗരങ്ങളും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ മുൻനിരയിലുണ്ട്. അന്താരാഷ്ട്ര റേറ്റിങ് വെബ്‌സൈറ്റായ നംബിയോയുടെ സേഫ്റ്റി ഇൻഡെക്‌സിലാണ് യു.എ.ഇ നഗരങ്ങളുടെ മുന്നേറ്റം. അബൂദബി പട്ടികയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ അജ്മാൻ രണ്ടാം സ്ഥാനം നേടി. ഷാർജക്കാണ് മൂന്നാം സ്ഥാനം.
ഖത്തർ തലസ്ഥാനമായ ദോഹയാണ് നാലാം സ്ഥാനത്ത്. ദുബൈ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. റാസൽഖൈമക്ക് ആറാം സ്ഥാനവും, ഒമാൻ തലസ്ഥാനമായ മസ്‌കത്തിന് എട്ടാം സ്ഥാനവുമുണ്ട്. പട്ടികയിൽ എൺപത്തിയഞ്ചാം സ്ഥാനത്തുള്ള വഡോദരയാണ് സുരക്ഷിതനഗരങ്ങളുടെ പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ നഗരം. കേരളത്തിൽ നിന്ന് തിരുവനന്തപുരം ആഗോളതലത്തിൽ 148ാം സ്ഥാനത്തായി പട്ടികയിലുണ്ട്. കുറഞ്ഞ കുറ്റകൃത്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ സേഫ്റ്റി ഇൻഡെക്‌സ് തയാറാക്കുന്നത്.
Adjust Story Font
16

