ഷാർജ-മസ്കത്ത് ബസ് സർവീസിന് പുതിയ സമയക്രമം
ഷാർജയിൽ നിന്ന് മസ്കത്തിലേക്ക് രാവിലെ 6.30 ന് സർവീസ് ആരംഭിക്കും
ദുബൈ: യു.എ.ഇയിലെ ഷാർജയിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്കും, സൊഹാറിലേക്കുമുള്ള ഇന്റർസിറ്റി ബസ് സർവീസിന് പുതിയ സമയക്രമം പ്രഖ്യാപിച്ചു. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(എസ്.ആർ.ടി.എ) യാണ് ഇന്റർസിറ്റി ബസ് റൂട്ട് 203-ന്റെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചത്. ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. പുതുക്കിയ സമയക്രമം സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ പ്രയോജനകരമാകുമെന്ന് അതോറിറ്റി അറിയിച്ചു. യു.എ.ഇ.യും ഒമാനും തമ്മിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഷാർജയിൽ നിന്ന് മസ്കത്തിലേക്ക് ദിവസേന മൂന്ന് സർവീസുകളാണ് ഉണ്ടാവുക. രാവിലെ 6:30നും, ഉച്ചയ്ക്ക് ശേഷം 3:30, രാത്രി 8:30നും ബസ് ഷാർജയിൽ നിന്ന് പുറപ്പെടും. സൊഹാറിൽ നിന്നും മസ്കത്തിൽ നിന്നും തിരികെ ഷാർജയിലേക്ക് മൂന്ന് സർവീസുകളുണ്ടാകും. രാവിലെ 7 മണിക്കും, ഉച്ചയ്ക്ക് 1:30നും, വൈകുന്നേരം 3 മണിക്കും ഷാർജയിലേക്ക് ബസ് പുറപ്പെടും.
യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുക, ഉയർന്ന നിലവാരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്നിവയാണ് സമയമാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്.ആർ.ടി.എ അറിയിച്ചു. യാത്രക്കാർ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴി ഏറ്റവും പുതിയ സമയക്രമം പരിശോധിക്കണമെന്നും യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അതോറിറ്റി നിർദേശിച്ചു.
Adjust Story Font
16

