ചരക്ക് നീക്കം എളുപ്പത്തിൽ; ഒമാനിൽ നിന്നുള്ള ചരക്കുലോറികൾക്ക് ടോൾ ഒഴിവാക്കി ഷാർജ
അതിർത്തികളിൽ കസ്റ്റംസ് പരിശോധനയും ഇനി അതിവേഗം

ദുബൈ: ഒമാനും യുഎഇയും തമ്മിലുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാക്കാനും വ്യാപാര രംഗത്തിന് കരുത്തുപകരാനുമായി സുപ്രധാന ഇളവുകളുമായി ഷാർജ. ഒമാനിൽ നിന്ന് പ്രധാന അതിർത്തി കവാടങ്ങൾ വഴി ഷാർജയിലേക്ക് എത്തുന്ന ചരക്കുലോറികൾക്ക് ടോൾ ഗേറ്റ് ഫീസ് പൂർണമായും ഒഴിവാക്കാൻ ഷാർജ ഭരണകൂടം തീരുമാനിച്ചു. ആഗോള-മേഖല തലങ്ങളിൽ യുഎഇയുടെ സാമ്പത്തിക മത്സരശേഷി വർധിപ്പിക്കുന്നതിനും വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഈ പുതിയ ലോജിസ്റ്റിക്സ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഷാർജ പോർട്ട്‌സ്, കസ്റ്റംസ് ആന്റ് ഫ്രീ സോൺസ് അതോറിറ്റിയും ഷാർജ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (SRTA) സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ഒമാനിൽ നിന്നുള്ള ഖത്‌മത് മലാഹ, അൽ മദാം അതിർത്തി കവാടങ്ങൾ വഴി ഷാർജയിലെ അംഗീകൃത ലോജിസ്റ്റിക് കോറിഡോറിലേക്ക് പ്രവേശിക്കുന്ന ചരക്കുവാഹനങ്ങൾക്ക് ഇനി മുതൽ ടോൾ നൽകേണ്ടതില്ല. ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്സ് കമ്പനികളുടെ പ്രവർത്തന ചെലവ് ഗണ്യമായി കുറയ്ക്കാനും ചരക്കുകൾ വേഗത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ എത്തിക്കാനും പുതിയ തീരുമാനം സഹായിക്കും.
ഒമാനിലെ സുഹാർ തുറമുഖത്തുനിന്ന് വെറും 70 കിലോമീറ്റർ മാത്രം അകലെയുള്ള ഖത്‌മത് മലാഹ അതിർത്തി വഴി അതിവേഗത്തിൽ യുഎഇയിലെ ഫ്രീ സോണുകളിലേക്കും വ്യവസായ കേന്ദ്രങ്ങളിലേക്കും ചരക്കെത്തിക്കാൻ സാധിക്കും. ഒമാനിലെ ബുറൈമി ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്ന അൽ മദാം അതിർത്തി വഴിയുള്ള ഇറക്കുമതി, കയറ്റുമതി, റീ-എക്‌സ്‌പോർട്ട് എന്നിവയും പുതിയ ഇളവിലൂടെ കൂടുതൽ സജീവമാകും. ടോൾ ഇളവിന് പുറമെ ലോജിസ്റ്റിക് കോറിഡോർ പദ്ധതിക്ക് കീഴിൽ കസ്റ്റംസ് പരിശോധനകളും അതിർത്തി ക്ലിയറൻസ് നടപടികളും അതിവേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് അതിർത്തികളിലെ കാത്തുനിൽപ്പ് സമയം വലിയ തോതിൽ കുറയ്ക്കും.
Adjust Story Font
16

