കനത്ത മൂടൽമഞ്ഞ്: ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ ചില വിമാന സർവീസുകൾ വൈകി
ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച വൻതോതിൽ കുറഞ്ഞു

ദുബൈ: കനത്ത മൂടൽമഞ്ഞ് മൂലം ചൊവ്വാഴ്ച രാവിലെ യുഎഇയിലെ ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ ചില വിമാന സർവീസുകൾ വൈകി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ചില എമിറേറ്റ്‌സ് വിമാനങ്ങൾ വൈകിയതായി എമിറേറ്റ്‌സ് വക്താവ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മൂടൽമഞ്ഞ് കാരണം ചില വിമാനങ്ങൾ വൈകിയതായും വഴിതിരിച്ചുവിട്ടതായും ഫ്‌ളൈ ദുബൈയും അറിയിച്ചു.
അതേസമയം, കനത്ത മൂടൽമഞ്ഞ് കാരണം കുറഞ്ഞത് 28 വിമാനങ്ങളെങ്കിലും വൈകിയതായി ഷാർജ വിമാനത്താവളത്തിലെ ദൃക്സാക്ഷികൾ പറഞ്ഞു. ഇവയിൽ ഭൂരിഭാഗവും എയർ അറേബ്യ വിമാനങ്ങളായിരുന്നു. ഇൻഡിഗോയും എയർ ഇന്ത്യ എക്‌സ്പ്രസും മറ്റ് വിമാനക്കമ്പനികളും ചില റൂട്ടുകൾ പുനഃക്രമീകരിച്ചു.
ചൊവ്വാഴ്ച പുലർച്ചെ യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് റോഡ്, വ്യോമ ഗതാഗതങ്ങൾ തടസ്സപ്പെട്ടു. ദുബൈയിലെയും ഷാർജയിലെയും ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച വൻ തോതിൽ കുറഞ്ഞു. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി തങ്ങളുടെ വെബ്സൈറ്റിൽ വിമാനങ്ങളുടെ നില പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് യാത്രക്കാരോട് നിർദേശിച്ചു.
Adjust Story Font
16

