Quantcast

മീഡിയവണിനും ചേര്‍ത്തുപിടിച്ചവര്‍ക്കും നന്ദി; സംഗീത് തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക്

MediaOne Logo
മീഡിയവണിനും ചേര്‍ത്തുപിടിച്ചവര്‍ക്കും നന്ദി;   സംഗീത് തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക്
X

അജ്മാനില്‍ സോറിയാസിസ് ബാധിച്ച് ദുരിതത്തില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി സംഗീതിന്റെ തുടര്‍ചികിത്സ ഇനി സ്വന്തം നാട്ടില്‍. സംഗീതിന്റെ ദുരിതകഥ പുറം ലോകത്തെത്തിച്ച മീഡിയാവണ്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നാട്ടിലെ ജീവകാരുണ്യ സംഘടനയായ പഴമ്പാലക്കോട് നന്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ് തുടര്‍ചികിത്സ ഏറ്റെടുക്കുന്നത്.

മീഡിയാവണ്‍ റിപ്പോര്‍ട്ട് കണ്ടശേഷം മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്ത പേരു പറയാനാഗ്രഹിക്കാത്ത മറ്റൊരു വ്യക്തിയാണ് സംഗീതിന്റെ പേരിലുള്ള മുഴുവന്‍ ഫൈനുകളും അടച്ച് നാട്ടിലേക്ക് തിരിച്ചു പോകാന്‍ സഹായിച്ചതെന്ന് തൃശൂര്‍ സ്വദേശിനി സല്‍മ സജിന്‍ അറിയിച്ചു. ഇവരുടെ റെസ്റ്റോറന്റിന് സമീപം സ്ഥാപനം നടത്തുന്ന സല്‍മയാണ് പലപ്പോഴും സംഗീതിന് സഹായത്തിനെത്തിയിരുന്നത്.

വാര്‍ത്ത കണ്ട ശേഷം സംഗീതിന്റെ വീട് സന്ദര്‍ശിച്ച സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ശരീഫ്, സെക്രട്ടറി അബ്ദുറഹ്മാന്‍ ഹസനാര്‍ എന്നിവരാണ് തുടര്‍ചികിത്സ ഏറ്റെടുക്കുന്ന കാര്യം അറിയിച്ചത്. ദുരിതത്തില്‍ കഴിയുന്ന സംഗീതിന്റെ മാതാപിതാക്കള്‍ക്കും നന്മ സൊസൈറ്റി സഹായമെത്തിക്കും. ഇവരുടെ പിന്തുണയില്‍ സംഗീത് ഇന്ന് ഉച്ചയ്ക്ക് ശേഷം ഷാര്‍ജ എയര്‍പോര്‍ട്ടില്‍നിന്ന് നാട്ടിലേക്ക് തിരിച്ചു.

ഒരുവര്‍ഷം മുമ്പ് അജ്മാനിലെ റെസ്റ്റോറന്റിലേക്ക് ജോലിക്ക് വന്നതായിരുന്നു സംഗീത്. ജോലിക്ക് കയറി വിസ അടിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ രോഗം പിടികൂടുകയായിരുന്നു. മെഡിക്കല്‍, വിസ നടപടികള്‍ പൂര്‍ത്തിയാക്കാത്തിനാലാണ് സംഗീതിന്റെ പേരില്‍ മൂവായിരത്തോളം ദിര്‍ഹം പിഴ വന്നത്.

സംഗീതിനെ സഹായിക്കാനെത്തിയതിന്റെ പേരില്‍ കൂടുതല്‍ ലീവെടുത്ത സഹോദരന്റെ ജോലിയും നഷ്ടപ്പെട്ടിരുന്നു. പേരു പറയാനാഗ്രഹിക്കാത്ത മറ്റൊരു വ്യക്തി സഹോദരന് ജോലി നല്‍കാനും തയ്യാറായിട്ടുണ്ട്. കൂടാതെ സംഗീതിനും കുടുംബത്തിനും അമ്പതിനായിരം രൂപ സഹായവും വീട്ടുചിലവിനാവശ്യമായ തുകയും മറ്റു ചില വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, ദുരിത കഥ പുറത്തെത്തിച്ച മീഡിയാവണ്ണിനും സഹായ വാഗ്ദാനങ്ങളുമായെത്തിയ സുമനസ്സുകള്‍ക്കും നന്ദി പറയുന്നതായും സല്‍മ സജിന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

TAGS :

Next Story