Quantcast

എഞ്ചിൻ, ഗിയർബോക്‌സ് തകരാർ; യുഎഇയിൽ മുപ്പതിനായിരത്തോളം ലാന്റ് ക്രൂയിസർ 300 തിരിച്ചുവിളിക്കുന്നു

2021-24 ജപ്പാൻ നിർമിത വാഹനങ്ങൾക്ക് തിരിച്ചുവിളിക്കൽ ബാധകം

MediaOne Logo

Gulf Desk

  • Published:

    3 Oct 2026 8:46 PM IST

Toyota recalls nearly 29,800 Land Cruiser 300s in UAE over engine and transmission issues
X

ദുബൈ: എഞ്ചിൻ, ഗിയർബോക്‌സ് എന്നിവയിലെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി 29,774 ടൊയോട്ട ലാന്റ് ക്രൂയിസർ 300 വാഹനങ്ങൾ തിരിച്ചുവിളിച്ച് യുഎഇ. സാമ്പത്തിക വിനോദസഞ്ചാര മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ ഔദ്യോഗിക ടൊയോട്ട വിതരണക്കാരായ അൽ ഫുത്തൈം മോട്ടോഴ്‌സ് ആണ് മൂന്ന് ഘട്ടങ്ങളിലായി ഇത് നടപ്പിലാക്കുന്നത്. 2021 മുതൽ 2024 വരെ ജപ്പാനിൽ നിർമിച്ച ലാന്റ് ക്രൂയിസർ 300 മോഡലുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.

15,750 വാഹനങ്ങളെ ബാധിച്ച 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലെ തകരാറാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. ഗിയറുകൾ മാറുമ്പോൾ ഉണ്ടാകുന്ന അമിത വേഗത കാരണം ട്രാൻസ്മിഷൻ ഓയിൽ ചോരാനും, വാഹനത്തിന് തീപിടിക്കാനും മറ്റു അപകടങ്ങൾക്കും സാധ്യതയുണ്ട്. ഇതിന്റെ ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റ് റീപ്രോഗ്രാം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാമതായി, 2021-2024 കാലയളവിലെ V35A എഞ്ചിനുകളുള്ള 7,453 വാഹനങ്ങളിൽ എഞ്ചിൻ കൺട്രോൾ യൂണിറ്റ് (ECU) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. വാഹനം പെട്ടെന്ന് വേഗത കൂട്ടുമ്പോൾ കൂളിങ് ഫാനിന്റെ പ്രവർത്തനം കാരണം എഞ്ചിൻ ശേഷി കുറഞ്ഞുപോകുന്നത് തടയാനാണ് ഈ അപ്‌ഡേറ്റ് നൽകുന്നത്.

മൂന്നാമതായി, ക്രാങ്ക്‌ഷാഫ്റ്റ് ബെയറിങ്ങുകളിലെ നിർമാണാവശിഷ്ടങ്ങൾ കാരണം എഞ്ചിൻ തകരാറിലാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2023, 2024 മോഡലുകളിലെ EXR, VXR, GXR, GR സ്പോർട്ട്, സിഗ്നേച്ചർ മോഡലുകളിലെ 6,571 വാഹനങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഇത് എഞ്ചിനിൽ നിന്ന് അസ്വാഭാവിക ശബ്ദം ഉണ്ടാകാനും വാഹനം പെട്ടെന്ന് നിന്നുപോകാനും കാരണമായേക്കാം. ബാധിക്കപ്പെട്ട എല്ലാ വാഹനങ്ങളുടെയും പരിശോധനകളും അറ്റകുറ്റപ്പണികളും സൗജന്യമായി കമ്പനി തികച്ചും സൗജന്യമായി ചെയ്തുനൽകുമെന്നും അൽ ഫുത്തൈം മോട്ടോഴ്‌സ് വ്യക്തമാക്കി.

TAGS :

Next Story