Quantcast

'ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഭീഷണി ആഗോള ഭക്ഷ്യ-ഊർജ വിപണിയെ തകർക്കും'; യുഎന്നിൽ തുറന്നടിച്ച് യുഎഇ

ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ യുഎഇ പ്രതിനിധി സാറ അൽ അവാദിയാണ് നിലപാട് വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    23 May 2026 7:41 PM IST

UAE ambassador warns Hormuz threats could disrupt global food, energy supplies
X

ദുബൈ: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഇറാന്റെ ഭീഷണികൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിക്കുമെന്ന് യുഎഇ. അന്താരാഷ്ട്ര വ്യാപാരത്തിലും ഊർജ വിതരണത്തിലും ഈ തന്ത്രപ്രധാനമായ ജലപാതയ്ക്കുള്ള നിർണായക പങ്ക് ചൂണ്ടിക്കാണിച്ചാണ് യുഎന്നിലെ യുഎഇ പെർമനന്റ് മിഷൻ ഫസ്റ്റ് സെക്രട്ടറി സാറ അൽ അവാദി ഐക്യരാഷ്ട്രസഭയിൽ ആശങ്കയറിയിച്ചത്. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ കമ്മോഡിറ്റി മാർക്കറ്റുകളെക്കുറിച്ചുള്ള യോഗത്തിൽ സംസാരിക്കവെയാണ് ഇറാന്റെ പേരെടുത്ത് പറഞ്ഞ് അവാദി വിമർശനം ഉന്നയിച്ചത്.

ഇറാന്റെ നിയമവിരുദ്ധമായ നടപടികളും ഭീഷണികളും ആഗോള സാമ്പത്തിക മേഖലയിൽ എത്ര വേഗത്തിലാണ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതെന്ന് അവാദി എടുത്തുകാട്ടി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ചരക്കുനീക്കത്തിന്റെ ചിലവ് വർധിപ്പിക്കാനും ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരാനും കാരണമായി. ഇത് ആഗോളതലത്തിൽ വിതരണ ശൃംഖലയെ ബാധിക്കുകയും ചരക്കുകളുടെ വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്തു.

ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ആഗോള കാർഷിക മേഖലയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് അവാദി വിശദീകരിച്ചു. നൈട്രജൻ വളങ്ങളുടെ വിലയിൽ 80 ശതമാനം വരെയാണ് വർധനവ് രേഖപ്പെടുത്തിയത്. ഇത് ആഗോള ഭക്ഷ്യോത്പാദനത്തെ ബാധിക്കുകയും പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പ്രതിസന്ധി ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന അന്താരാഷ്ട്ര ജലപാതകൾ ഒരു രാജ്യത്തിന് മാത്രമായി വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് യുഎഇ വ്യക്തമാക്കി. കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാനും വിതരണ ശൃംഖലകൾ സുരക്ഷിതമായി നിലനിർത്താനും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ അനുസരിച്ച് അന്താരാഷ്ട്ര സഹകരണം ശക്തമാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

TAGS :

Next Story