Quantcast

ബി.ജെ.പി വക്താവിന്റെ പ്രവാചകനിന്ദയെ അപലപിച്ച് യു.എ.ഇയും

ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമയെ ഉടൻ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-06-06 19:11:39.0

Published:

6 Jun 2022 3:38 PM GMT

ബി.ജെ.പി വക്താവിന്റെ പ്രവാചകനിന്ദയെ അപലപിച്ച് യു.എ.ഇയും
X

അബൂദബി: ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തെ അപലപിച്ച് യു.എ.ഇയും. വിവാദ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കു വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സഹിഷ്ണുതയുടെയും മാനവിക സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കൽ അന്താരാഷ്ട്ര സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏതു തരം പ്രവർത്തനങ്ങൾ തടയാനും നടപടിയുണ്ടാകണമെന്നും യു.എ.ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

മസ്‌കത്തിലുള്ള ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രാലയവും വിവാദ പരാമർശത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽഹാർത്തിയാണ് രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും അറബ് ലീഗ്, ഒ.ഐ.സി അടക്കമുള്ള സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അപകീർത്തി പരാമർശത്തിൽ ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞയാഴ്ച ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നുപൂർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തുകയായിരുന്നു. നുപൂറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നുപൂർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Summary: UAE condemns blasphemous remarks against Prophet Muhammad by BJP former spokesperson Nupur Sharma

TAGS :

Next Story