ട്രംപ് പങ്കെടുത്ത ചടങ്ങിലെ വെടിവെപ്പ്; ശക്തമായി അപലപിച്ച് യുഎഇ
ഹിൽട്ടണിൽ വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകർ ഒരുക്കിയ വിരുന്നിനിടെയാണ് ആക്രമണം

ദുബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെയുണ്ടായ വെടിവെപ്പിനെ ശക്തമായി അപലപിച്ച് യുഎഇ. വാഷിങ്ടണിലെ ഹിൽട്ടണിൽ വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകർ ഒരുക്കിയ വിരുന്നിനിടെയാണ് ആക്രമണം ഉണ്ടായത്. ഇത്തരം കുറ്റകൃത്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും അക്രമത്തെയും തീവ്രവാദത്തെയും യുഎഇ പൂർണമായും തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രസിഡന്റ് ട്രംപിനും കുടുംബത്തിനും അമേരിക്കൻ ജനതയ്ക്കും യുഎഇ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
ആക്രമണം നടന്ന ഉടൻ തന്നെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും മെലാനിയ ട്രംപിനെയും രഹസ്യാന്വേഷണ ഏജന്റുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. തോക്കുകളും കത്തികളുമായി സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ച ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. ഇയാളിൽ നിന്ന് ഷോട്ട് ഗൺ, ഹാന്റ് ഗൺ, ഒന്നിലധികം കത്തികളും കണ്ടെടുത്തു. ഇയാളുടെ ചിത്രം ട്രംപ് തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചിട്ടുണ്ട്. ഷർട്ട് ധരിക്കാതെ, കൈകൾ പുറകിൽ കെട്ടി നിലത്ത് മുഖമമർത്തി കിടക്കുന്ന നിലയിലുള്ള പ്രതിയുടെ രണ്ട് ചിത്രങ്ങളാണ് ട്രംപ് പുറത്തുവിട്ടത്.
Adjust Story Font
16

