അടിമുടി മാറാൻ ഒരുങ്ങി യു.എ.ഇ ദിർഹം; വരുന്നു പുതിയ കറൻസി ചിഹ്നവും ഡിജിറ്റൽ ദിർഹവും
ദിർഹത്തിന്റെ പുതിയ കറൻസി ചിഹ്നം യൂണികോഡ് കൺസോർഷ്യം ഔദ്യോഗികമായി അംഗീകരിച്ചു

ദുബൈ: ദിർഹത്തിന്റെ ഉപയോഗരീതിയിൽ വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി യു.എ.ഇ. പുതുതായി അംഗീകരിച്ച കറൻസി ചിഹ്നവും, ഡിജിറ്റൽ ദിർഹത്തിന്റെ വ്യാപനവുമാണ് പ്രധാന പദ്ധതി. ഇതുമായി ബന്ധപ്പെട്ട് കീബോർഡുകൾ, സ്മാർട്ട്ഫോണുകൾ, പേയ്‌മെന്റ് സംവിധാനങ്ങൾ, സാമ്പത്തിക പ്ലാറ്റ്ഫോമുകൾ എന്നിവയിൽ വലിയ മാറ്റങ്ങൾ നടപ്പാക്കാനാണ് നീക്കം.
രാജ്യത്തെ ആഗോള സാമ്പത്തിക-ഡിജിറ്റൽ പെയ്‌മെന്റ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടികൾ. സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയുടെ നേതൃത്വത്തിലാണ് പദ്ധതികൾ മുന്നോട്ട് പോകുന്നത്. ദിർഹത്തിന്റെ പുതിയ കറൻസി ചിഹ്നം യൂണികോഡ് കൺസോർഷ്യം ഔദ്യോഗികമായി അംഗീകരിച്ചു. ഡിജിറ്റൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ, ചിഹ്നങ്ങൾ, എഴുത്തുരീതികൾ എന്നിവയ്ക്ക് ഏകീകൃത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് യൂണികോഡ് കൺസോർഷ്യം. 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന യൂണികോഡ് പതിപ്പ് 18.0-ൽ ചിഹ്നം ഉൾപ്പെടുത്തും.
കഴിഞ്ഞ വർഷം മാർച്ചിൽ സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ ദിർഹത്തിന്റെ പുതിയ കറൻസി ചിഹ്നം അവതരിപ്പിച്ചിരുന്നു. യൂണികോഡ് പതിപ്പ് 18.0 പ്രാബല്യത്തിൽ വന്നാൽ സാംസങ്,ആപ്പിൾ, ഗൂഗിൾ,മൈക്രോസോഫ്റ്റ് കമ്പനികളുടെ സോഫ്റ്റ് വെയറിൽ ചിഹ്നം ഉൾപ്പെടുത്താൻ കഴിയും.
Adjust Story Font
16

