എണ്ണ, പ്രകൃതിവാതക ഉൽപാദനം വർധിപ്പിക്കാൻ യുഎഇയും ഈജിപ്തും കൈകോർക്കുന്നു
അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി വരുംദിവസങ്ങളിൽ പ്രത്യേക യോഗം ചേരും

ദുബൈ: രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഖനന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ 'അഡ്നോക് ഡ്രില്ലിങ്ങുമായി' സഹകരിക്കാനൊരുങ്ങി ഈജിപ്ത്. ഈജിപ്തിന്റെ പുതിയ ഓൺഷോർ, ഓഫ്‌ഷോർ പദ്ധതികളിൽ പങ്കാളികളാകുന്നതിനുള്ള സാധ്യതകൾ കമ്പനി പരിശോധിച്ചുവരികയാണ്. ആഭ്യന്തര എണ്ണ-വാതക ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള പങ്കാളിത്തത്തെക്കുറിച്ചും അതിൽ കമ്പനിയുടെ പങ്കിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഈജിപ്ഷ്യൻ പെട്രോളിയം, ഖനന വിഭവ മന്ത്രി കരീം ബദാവിയും അഡ്നോക് ഡ്രില്ലിങ് സി.ഇ.ഒ അബ്ദുല്ല അതിയ അൽ മെസ്സബിയും കൂടിക്കാഴ്ച നടത്തി. യുഎഇയുടെ ഔദ്യോഗിക ഊർജ കമ്പനിയായ 'അഡ്നോക്' ഗ്രൂപ്പിന്റെ ഭാഗമാണ് 'അഡ്നോക് ഡ്രില്ലിങ്'.
പര്യവേക്ഷണം ഊർജിതമാക്കുക, പുതിയ കിണറുകളുടെ ഖനനം വേഗത്തിലാക്കുക, അത്യാധുനിക സാങ്കേതികവിദ്യകൾ വിനിയോഗിക്കുക എന്നിവയിലൂടെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അസംസ്‌കൃത എണ്ണ, പ്രകൃതിവാതക ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഈജിപ്ഷ്യൻ പെട്രോളിയം മന്ത്രി കരീം ബദാവി പറഞ്ഞു. കിണറുകൾ കുഴിക്കുന്നതിൽ അഡ്നോക് ഡ്രില്ലിങ്ങിനുള്ള സാങ്കേതിക മികവും ദീർഘകാല പരിചയസമ്പത്തും ഈജിപ്തിന്റെ പദ്ധതികൾക്ക് വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈജിപ്തിൽ സാന്നിധ്യം ശക്തമാക്കാനും ഈജിപ്ഷ്യൻ ജനറൽ പെട്രോളിയം കോർപ്പറേഷനുമായും (ഇ.ജി.പി.സി) അനുബന്ധ കമ്പനികളുമായും ചേർന്ന് പ്രവർത്തിക്കാനും താല്പര്യമുണ്ടെന്ന് അഡ്നോക് ഡ്രില്ലിങ് സിഇഒ അറിയിച്ചു. കൂടാതെ, മേഖലയിൽ വലിയ പരിചയസമ്പത്തുള്ള ഈജിപ്ഷ്യൻ ഡ്രില്ലിങ് കമ്പനിയുമായുള്ള സഹകരണം ഏറെ നിർണായകമാകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സംയുക്ത ഖനന പദ്ധതികളുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി ഇരുവിഭാഗവും വരും ദിവസങ്ങളിൽ പ്രത്യേക യോഗങ്ങൾ ചേരും.
Adjust Story Font
16

