Quantcast

ഇന്ത്യയുടെ എണ്ണ ഇറക്കുമതി: ഹോർമുസ്​ പ്രതിസന്ധിക്കിടയിലും യുഎഇയുടെ പങ്ക്​ വർധിക്കുന്നു

അസംസ്കൃത എണ്ണ, എൽപിജി, എൽഎൻജി എന്നിവയുടെ ഇറക്കുമതിയാണ് വർധിച്ചത്

MediaOne Logo

Gulf Desk

  • Published:

    5 Nov 2026 10:07 AM IST

ഇന്ത്യയുടെ എണ്ണ ഇറക്കുമതി: ഹോർമുസ്​ പ്രതിസന്ധിക്കിടയിലും യുഎഇയുടെ പങ്ക്​ വർധിക്കുന്നു
X

ദുബൈ/ന്യൂഡൽഹി: എട്ട്​ മാസത്തിലധികമായി തുടരുന്ന പശ്​ചിമേഷ്യൻ സംഘർഷത്തിനും ഹോർമുസ്​ പ്രതിസന്ധിക്കും ഇടയിലും യുഎഇയിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള ഊർജ ഇറക്കുമതി വർധിക്കുന്നു. ഇന്ത്യയുടെ ആകെ ഊർജ ഇറക്കുമതിയുടെ അഞ്ചിലൊന്നും അതായത്​ 20 ശതമാനം വരെ യുഎഇയിൽ നിന്നാണെന്നാണ്​ വ്യക്​തമാകുന്നത്​. അസംസ്കൃത എണ്ണ, എൽപിജി, എൽഎൻജി എന്നിവയുടെയെല്ലാം ഇറക്കുമതി വർധിച്ചിട്ടുണ്ട്​. എൽപിജിയുടെ 25 ശതമാനവും എൽഎൻജിയുടെ 10 ശതമാനവും അസംസ്കൃത എണ്ണയുടെ 15 ശതമാനവും യുഎഇയിൽനിന്നാണ്​. ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ ഇറക്കുമതി സ്രോതസ്സുകൾ വ്യാപിപ്പിച്ചതാണ് യുഎഇയുടെ പ്രാധാന്യം വർധിപ്പിച്ചത്. ഇന്ത്യയുടെ ആകെ ഊർജ ഇറക്കുമതിയുടെ 15 മുതൽ 20 ശതമാനം വരെ യുഎഇയിൽനിന്നാണെന്ന് ഇന്ത്യൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി നീരജ് മിത്തൽ വ്യക്തമാക്കി.

നിലവിൽ റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ. വെനസ്വേല ഉൾപ്പെടെ 43 രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നത്.ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വിശ്വസ്ത പങ്കാളിയാണ് യുഎഇയെന്ന് നീരജ് മിത്തൽ പറഞ്ഞു. എൽപിജി, എൽഎൻജി, ക്രൂഡോയിൽ തുടങ്ങിയവയുടെ വിതരണം പ്രതിസന്ധിക്കിടയിലും യുഎഇ ഉറപ്പാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ഇന്ത്യ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിച്ചിരുന്നു. പ്രതിസന്ധിക്ക് മുമ്പും ശേഷവും ഇന്ത്യയിൽ ഇന്ധനവിലയിലുണ്ടായ വർധന ഏഴ് ശതമാനം മാത്രമാണെന്നാണ് നീരജ് മിത്തലിന്‍റെ അവകാശവാദം. അമേരിക്കയിൽനിന്നുള്ള എൽപിജി ഇറക്കുമതിയും ഇന്ത്യ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. വർഷത്തിന്‍റെ തുടക്കത്തിൽ ആകെ എൽപിജി ഇറക്കുമതിയുടെ പത്ത് ശതമാനമായിരുന്നു അമേരിക്കയുടെ വിഹിതം. നിലവിൽ ഇത് 67 ശതമാനമായി ഉയർന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ് മാസത്തിലെ യുഎഇ സന്ദർശനത്തിനിടെ അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്), ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യയിലെ ക്രൂഡോയിൽ സംഭരണശേഷി മൂന്ന് കോടി ബാരലായി ഉയർത്തുകയാണ് ലക്ഷ്യം. ഫുജൈറയിലും ക്രൂഡോയിൽ സംഭരണത്തിനുള്ള സാധ്യതകൾ പരിഗണിക്കുന്നുണ്ട്.


TAGS :

Next Story