പുതിയ പടക്കപ്പൽ നീറ്റിലിറക്കി യുഎഇ; ശൈഖ് ഹംദാൻ കമ്മിഷൻ ചെയ്തു
അൽ ഇമാറാത്ത് കോർവെറ്റ് പി ട്രിപ്പിൾ എന്നാണ് പടക്കപ്പലിന്റെ പേര്

ദുബൈ: നാവിക സേനയുടെ പുതിയ പടക്കപ്പൽ നീറ്റിലിറക്കി യുഎഇ. ശൈഖ് ഹംദാൻ കപ്പൽ കമ്മിഷൻ ചെയ്തു. അൽ ഇമാറാത്ത് കോർവെറ്റ് പി ട്രിപ്പിൾ എന്നാണ് പടക്കപ്പലിന്റെ പേര്. ദീർഘദൂര ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള പനോരമിക് സെൻസറുകൾ, വിവര ശേഖരണത്തിനായി രൂപകല്പന ചെയ്ത അത്യന്താനുധിക സുരക്ഷാ ഇന്റലിജൻസ് യൂണിറ്റ്, റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, അതിനൂതന ആശയവിനിമയ സംവിധാനങ്ങൾ എന്നിവയാണ് അൽ ഇമാറാത്ത് കോർവെറ്റ് പി ട്രിപ്പിളിന്റെ സവിശേഷത. രാജ്യത്തിന്റെ തീരസുരക്ഷ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചുവടാണ് കപ്പൽ കമ്മിഷൻ ചെയ്തതിലൂടെ സാധ്യമായത്.
കപ്പലിലെ കൊടിമരത്തിൽ പ്രതിരോധ മന്ത്രി കൂടിയായ ശൈഖ് ഹംദാൻ പതാക ഉയർത്തി. ഇതിനു പിന്നാലെ ആകാശത്ത് യുദ്ധവിമാനങ്ങളുടെ പ്രദർശനം. കപ്പലിലെ പ്രധാന സ്ഥലങ്ങളെല്ലാം ശൈഖ് ഹംദാൻ സന്ദർശിച്ചു. ഉപകരണങ്ങളുടെ പ്രവർത്തന രീതികളും ചോദിച്ചറിഞ്ഞു.
പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് അൽ മസ്‌റൂഇ, സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഈസാ സൈഫ് ബിൻ അബ് ലാൻ അൽ മസ്‌റൂഇ, പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഇബ്രാഹിം നാസർ അൽ അലാവി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Adjust Story Font
16

