Quantcast

കണ്ണീരോടെ യുഎഇ മലയാളികളും; ജനസമ്പർക്കത്തിന് കടൽകടന്നെത്തിയ നേതാവ്

ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ലഭിക്കുന്ന സ്വീകരണമാണ് ഉമ്മൻചാണ്ടിക്ക് ഗൾഫിൽ ലഭിച്ചിരുന്നത്

MediaOne Logo
Oommen Chandi and Sheikh Rashid uae
X

ഉമ്മൻചാണ്ടിയുടെ വിയോഗം പ്രവാസലോകത്തെയും കണ്ണീരിലാഴ്ത്തുകയാണ്. പ്രവാസികളുടെ നാട്ടിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഗൾഫിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ച മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി. സ്മാർട്ട് സിറ്റി മുതൽ എയർകേരള വരെ ഉമ്മൻചാണ്ടി പ്രവാസികൾക്കായി അവതരിപ്പിച്ച സ്വപ്നപദ്ധതികളും നിരവധിയാണ്.

പ്രോട്ടോകോളിന്റെ അതിർവരമ്പുകൾക്ക് അപ്പുറത്ത് ഗൾഫിലെ ഭരണാധികാരികൾക്ക് മലയാളികളുടെ നേതാവായിരുന്നു ഉമ്മൻചാണ്ടി. അതുകൊണ്ട് തന്നെ ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ലഭിക്കുന്ന സ്വീകരണമാണ് പലപ്പോഴും ഉമ്മൻചാണ്ടിക്ക് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ഗൾഫിൽ ലഭിച്ചിരുന്നത്. സംസ്ഥാനത്ത് ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചിരുന്ന ഉമ്മൻചാണ്ടി പ്രവാസികൾക്കായി അത് ഗൾഫിലേക്കും വ്യാപിപ്പിച്ചു.

ഗൾഫിൽ ദുരിതത്തിൽ കഴിയുന്നവർക്കായി നിരന്തരം ഇടപെടലുകൾ നടത്തിയിരുന്ന ഉമ്മൻചാണ്ടി വിമാനയാത്ര പ്രതിസന്ധിക്ക് പരിഹാരമായി മുന്നോട്ടുവെച്ച എയർ കേരള എന്ന പദ്ധതി യാഥാർഥ്യമായില്ലെങ്കിലും വലിയൊരു പ്രതീക്ഷയായി ഇപ്പോഴും ചർച്ചകളിലുണ്ട്.

പദ്ധതികൾക്കും പ്രശ്‌നപരിഹാരത്തിനും വേഗത ആഗ്രഹിച്ചിരുന്ന നേതാവാണ് ഉമ്മൻചാണ്ടിയെന്ന് യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി അൻവർ നഹ അനുസ്മരിച്ചു. രാഷ്ട്രീയ കക്ഷി ഭേദമന്യേ യു.എ.ഇയിലെ നിരവധി കൂട്ടായ്മകളാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

യു.എ.ഇയിലെ ഇടത് സംസ്‌കാരിക സംഘടനയായ ഓർമയുടെ ഭാരവാഹികൾ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി തുടങ്ങിയവർ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

TAGS :

Next Story