ഇസ്രായേലിൽ എംബസി തുറന്ന് യു.എ.ഇ
ഒരു ഗൾഫ് രാജ്യം ഇതാദ്യമായാണ് ഇസ്രായേലിൽ എംബസി തുറക്കുന്നത്

ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ യു.എ.ഇ എംബസി തുറന്നു. യു.എ.ഇ -ഇസ്രായേൽ നയതന്ത്രബന്ധത്തിന് കൂടുതൽ ശക്തി പകരാൻ എംബസി ഉപകരിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു. ഒരു ഗൾഫ് രാജ്യം ഇതാദ്യമായാണ് ഇസ്രായേലിൽ എംബസി തുറക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ കാരണം ലളിതമായ രീതിയിലായിരുന്നു എംബസി ഉദ്ഘാടനം.കഴിഞ്ഞ വർഷം ഒപ്പുവെച്ച അബ്രഹാം കരാറിലെ ധാരണപ്രകാരമാണ് ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്ന നടപടി. എംബസി ഉൽഘാടന ചടങ്ങിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇസ്രയേൽ പ്രസിഡൻറ് ഐസാക് ഹെർസോഗ്, യു.എ.ഇ ഭക്ഷ്യ-ജല സുരക്ഷാ വകുപ്പ് മന്ത്രി മറിയം അൽ മുഹൈരി, യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ ഖാജ എന്നിവർ സംബന്ധിച്ചു. യു.എ.ഇ പതാക ഉയർത്തിയും റിബൺ മുറിച്ചും നടന്ന ചടങ്ങിന് ശേഷം തെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വ്യാപാരത്തിനും തുടക്കം കുറിച്ചു.
ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മേഖലക്ക് ഒന്നാകെ ഗുണം ചെയ്യുമെന്ന് ഇസ്രയേൽ പ്രസിഡൻറ് പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരുടെ കേന്ദ്രം എന്നതിലുപരി സമാധാനത്തിെൻറ മാതൃക രൂപപ്പെടുത്തുന്ന ആസ്ഥാനമായും എംബസി പ്രവർത്തിക്കുമെന്ന് അംബാസഡർ മുഹമ്മദ് അൽ ഖാജ അഭിപ്രായപ്പെട്ടു.
കാർഷികരംഗത്ത് ഇരുരാജ്യങ്ങളും ഗവേഷണത്തിനും നവീകരണത്തിനും പ്രധാന്യം നൽകുന്ന കരാറിൽ മന്ത്രിതലയോഗത്തിൽ ഒപ്പുവെച്ചു. കഴിഞ്ഞ മാസം ഇസ്രയേൽ വിദേശകാര്യമന്ത്രി യായിർ ലാപിഡ് യു.എ.ഇ സന്ദർശിച്ചിരുന്നു. അബൂദബിയിൽ എംബസിയും ദുബൈയിൽ കോൺസുലേറ്റും ഉൽഘാടനം ചെയ്യുന്ന ചടങ്ങിലും അദ്ദേഹം പെങ്കടുത്തിരുന്നു.
Adjust Story Font
16

