ഇറാൻ മിസൈലുകൾ ലക്ഷ്യമിട്ടത് കപ്പൽ സഞ്ചാരത്തേയെന്ന് സ്ഥിരീകരിച്ച് യുഎഇ; ഇറാനുമായുള്ള വാണിജ്യ ഇടപാടുകള്‍ നിർത്തി
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനുമായി ധനവിനിമയമോ വാണിജ്യ ഇടപാടോ ഇല്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം

അബുദാബി: ഇറാൻ മിസൈലുകൾ ലക്ഷ്യമിട്ടത് യുഎഇ കപ്പൽ സഞ്ചാരത്തേയെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ സമുദ്ര ഗതാഗതത്തിന് ഭീഷണിയുണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നും യുഎഇ വ്യക്തമാക്കി. ഇറാനുമായി വാണിജ്യ ഇടപാടുകളും നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനുമായി ധനവിനിമയമോ വാണിജ്യ ഇടപാടോ ഇല്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണി തടഞ്ഞതായും അധികൃതർ വ്യക്തമാക്കി. നേരത്തെ മിസൈൽ ആക്രമണത്തിന് സാധ്യത മുൻനിർത്തി പ്രതിരോധ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. എന്തെങ്കിലും സ്ഫോടനശബ്ദം കേൾക്കുകയാണെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നും ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ശബ്ദമാണിതെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് തരത്തിലുള്ള ഭീഷണി നേരിടാനും രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും കാക്കാനും മന്ത്രാലയം സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം മിസൈൽ അയച്ചത് ഇറാനിൽ നിന്ന് ആണെന്ന യു എ ഇയുടെ പ്രസ്താവന തെറ്റാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. ഇതിനിടെ യുഎസും ഇറാനും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാകുകയാണ്. ഇറാനുമായി നിലവിൽ യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ പ്രവർത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും, വെള്ളത്തിൽ സ്ഥാപിച്ചിരുന്ന മൈനുകൾ എല്ലാം നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാല്‍ കീഴടക്കാൻ സാധിക്കാത്തതിനെ തുടർന്ന് തങ്ങളുടെ ഉപാധികൾക്ക് മുന്നിൽ ചർച്ചയ്ക്കായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. നിരുപാധികം കീഴടങ്ങാൻ ആവശ്യപ്പെട്ട ശക്തികൾക്ക് മുന്നിൽ തങ്ങൾ ഉറച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

