കുരങ്ങുപനിക്കെതിരെ യു.എ.ഇയിൽ ജാഗ്രത; സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
ജനങ്ങൾ രോഗം സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു
മൂന്ന് പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെ യു.എ.ഇ മങ്കിപോക്‌സിനെതിരെ സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണം. കുരങ്ങുപനി ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവർ 21 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞാൽമതി.
ഹോം ഐസൊലേഷൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ ആരോഗ്യനില ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിക്കുകയും ചെയ്യും. ജനങ്ങൾ രോഗം സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മെയ് 24നാണ് യു.എ.ഇയിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചത്. യു.എസിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. നിലവിൽ നാല് കേസുകളാണ് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്. പനി, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്. രോഗം ഗുരുതരമായാൽ മുഖത്തും കൈകളിലും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. സാധാരണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലാതെ രണ്ടോ നാലോ ആഴ്ചകൾക്കകം രോഗം ഭേദമാകാറുണ്ട്. എന്നാൽ 6 ശതമാനം കേസുകളിൽ ഇത് മാരകമാകാറുമുണ്ട്. അതുപോലെ കുട്ടികളിലും ഇത് കൂടുതൽ ഗുരുതരമാകുന്നതായാണ് റിപ്പോർട്ട്.
Adjust Story Font
16