Quantcast

യുഎഇയിലെ സ്വദേശിവത്കരണം; ഡിസംബർ 31ന് മുമ്പ് നിയമം നടപ്പാക്കാത്ത കമ്പനികൾക്ക് കർശന നടപടി

അന്തിമ മുന്നറിയിപ്പുമായി മാനവവിഭവ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    25 Nov 2025 8:37 PM IST

UAEs indigenization: Strict action against companies that do not implement the law before December 31
X

ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ഡിസംബർ 31നടപ്പാക്കാൻ മാനവവിഭവ മന്ത്രാലയത്തിന്റെ (MoHRE) അന്തിമ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലംഘിക്കുന്ന കമ്പനികൾ ജനുവരി 1 മുതൽ ഉയർന്ന സാമ്പത്തിക പിഴ അടയ്‌ക്കേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.

50ലധികം ജീവനക്കാരുള്ള എല്ലാ സ്വകാര്യ കമ്പനികളും വിദഗ്ധ തസ്തികകളിൽ എമിറാത്തി ജീവനക്കാരുടെ എണ്ണം 2% വർധിപ്പിക്കണമെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. തിരഞ്ഞെടുത്ത ഉയർന്ന വളർച്ചാ മേഖലകളിൽ പ്രവർത്തിക്കുന്ന 20-49 ജീവനക്കാരുള്ള സ്ഥാപനങ്ങൾ ജനുവരി 1 മുതൽ കുറഞ്ഞത് ഒരു എമിറാത്തി ജീവനക്കാരനെയെങ്കിലും നിയമിക്കണമെന്നും നിർദേശമുണ്ട്. നിലവിലുള്ള എമിറാത്തി ജീവനക്കാരെ നിലനിർത്തുകയും വേണം.

വ്യാജ പൗരത്വം കാണിക്കുന്നവരെ തിരിച്ചറിയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളും മന്ത്രാലയം പുറത്തിറക്കി.

ലംഘനം കണ്ടെത്തിയാൽ കമ്പനിയുടെ റേറ്റിങ് താഴ്ത്തുക, നിയമനടപടി, നിർബന്ധിത പരിഹാരം തുടങ്ങിയ ശിക്ഷകൾ നടപ്പാക്കും. സ്വദേശവത്കരണ നയങ്ങൾക്ക് എതിരായ ഏതൊരു ലംഘനവും 600590000 എന്ന നമ്പർ വഴിയോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പിലോ വെബ്സൈറ്റിലോ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

പദ്ധതി നടപ്പാക്കുന്നതിന് കമ്പനികളെ സഹായിക്കുന്നതിനുള്ള നടപടികളും മന്ത്രാലയം ശക്തമാക്കി. നാഫിസ് പ്ലാറ്റ്ഫോം വഴി എമിറാത്തി തൊഴിലന്വേഷകരെ കണ്ടെത്താം. നിയമം പാലിക്കുന്ന കമ്പനികൾക്ക് എമിറേറ്റൈസേഷൻ പാർട്ണേഴ്സ് ക്ലബ്ബ് അംഗത്വവും നിരവധി ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മന്ത്രാലയം ഉറപ്പുനൽകി. മന്ത്രാലയത്തിന്റെ സേവന ഫീസിൽ 80% വരെ ഇളവും സർക്കാർ ടെൻഡറുകളിൽ മുൻഗണനയും ഇത്തരം കമ്പനികൾക്ക് ലഭിക്കും.

TAGS :

Next Story