ഗസ്സക്ക് കുടിവെള്ളം; യുഎഇയുടെ പദ്ധതി പുരോഗമിക്കുന്നു
7 കി.മീ. പൈപ്പ്‌ലൈൻ അന്തിമഘട്ടത്തിൽ

ദുബൈ: യുദ്ധം തകർത്ത ഗസ്സയിൽ യുഎഇ നടപ്പാക്കുന്ന ലൈഫ് ലൈൻ കുടിവെള്ള വിതരണ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതി വിലയിരുത്താൻ യുഎഇ സംഘം ഇന്ന് ഗസ്സയിലെത്തി. ഗസ്സയിലേക്ക് കുടിവെള്ളമെത്തിക്കുന്ന കോസ്റ്റൽ മുനിസിപ്പാലിറ്റീസ് വാട്ടർ യൂട്ടിലിറ്റിയുമായി ചേർന്നാണ് യുഎഇ ലൈഫ് ലൈൻ വാട്ടർ സപ്ലെ പ്രോജക്ട് നടപ്പാക്കുന്നത്. ദുരിതബാധിതരിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള ഏഴ് കിലോമീറ്റർ പൈപ്പ് ലൈൻ പദ്ധതിയാണിത്.
റഫ അതിർത്തിയിൽ ഈജിപ്തിന്റെ പ്രദേശത്ത് യുഎഇ നിർമിച്ച കുടിവെള്ള സംസ്‌കരണ പ്ലാന്റിൽനിന്ന് തെക്കൻ ഗസ്സയിലെ അൽമവാസി വരെ നീളുന്നതാണ് പൈപ്പ് ലൈൻ. വീടും തണലും നഷ്ടപ്പെട്ട ഗസ്സയിലെ ആറ് ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ഈ പദ്ധതിയിലൂടെ ദാഹജലമെത്തിക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. നിർമാണജോലികൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്നും താമസിയാതെ കുടിവെള്ളവിതരണം ആരംഭിക്കാനാകുമെന്നും പദ്ധതി വിലയിരുത്താനെത്തിയ സാങ്കേതിക വിദഗ്ധർ പറഞ്ഞു.
Adjust Story Font
16

