യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി വ്ളാദിമർ സെലൻസ്കി; ഇറാൻ ആക്രമണങ്ങളെ അപലപിച്ചു
യുക്രൈനിലെ സമാധാന പുനസ്ഥാപനത്തിനുള്ള ആഗോള നീക്കങ്ങൾക്ക് യുഎഇയുടെ പിന്തുണ

ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി. അബൂദബിയിലായിരുന്നു കൂടിക്കാഴ്ച. സൗദി അറേബ്യയിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷമാണ് സെലൻസ്‌കി യുഎഇയിലെത്തിയത്. യുഎഇക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങളെ സെലൻസ്‌കി ശക്തമായി അപലപിച്ചു. ഇത്തരം പ്രകോപനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മേഖലയിലെ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് ഇരുനേതാക്കളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള 'സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ' (CEPA) വഴി ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനും തീരുമാനമായി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ യുഎഇ ഏതറ്റം വരെയും പോകുമെന്ന് ശൈഖ് മുഹമ്മദ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങൾക്കെതിരെയായിരുന്നു പ്രതികരണം.
മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിക്കാതിരിക്കാൻ യുഎഇ അതീവ സംയമനവും വിവേകവുമാണ് കാണിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. എങ്കിലും, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ആത്മരക്ഷയ്ക്കായി തിരിച്ചടിക്കാനുള്ള എല്ലാ അവകാശവും യുഎഇക്കുണ്ടെന്നും ഏത് ഭീഷണിയെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം ആവർത്തിച്ചു. യുക്രൈനിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ആഗോള നീക്കങ്ങൾക്കും യുഎഇയുടെ പൂർണ പിന്തുണ ശൈഖ് മുഹമ്മദ് കൂടിക്കാഴ്ചയിൽ വാഗ്ദാനം ചെയ്തു. ഇന്നലെ സൗദിയിൽ നടത്തിയ സന്ദർശനത്തിൽ ഇറാൻ ഡ്രോൺ ആക്രമണങ്ങളെ നേരിടാനുള്ള സാങ്കേതിക വിദ്യക്കായി യുക്രൈനുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ഖത്തറിൽ നടത്തിയ സന്ദർശനത്തിലും പ്രതിരോധ സഹകരണ കരാറിൽ ഇരുകക്ഷികളും ഒപ്പുവെച്ചു.
Adjust Story Font
16

