Quantcast

രോഗി ബെയ്ജിങ്ങില്‍, ഡോക്ടര്‍ ലാസയില്‍-3,500 കി.മീറ്റര്‍ അകലെനിന്നൊരു 'സക്‌സസ് സര്‍ജറി'

ത്രീഡി ഡിസ്‌പ്ലേ സ്‌ക്രീനും മാസ്റ്റര്‍ കണ്‍ട്രോളറും ഉപയോഗിച്ച്, ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തിന്റെ ആന്തരിക ദൃശ്യങ്ങള്‍ തത്സമയം വീക്ഷിക്കാനും റോബോട്ടിന്റെ പ്രവര്‍ത്തനം കൃത്യമായി നിയന്ത്രിക്കാനും കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    7 July 2025 3:04 PM IST

രോഗി ബെയ്ജിങ്ങില്‍, ഡോക്ടര്‍ ലാസയില്‍-3,500 കി.മീറ്റര്‍ അകലെനിന്നൊരു സക്‌സസ് സര്‍ജറി
X

ബെയ്ജിങ്: രോഗിയെ നേരിട്ടുകാണാതെ, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെനിന്ന് ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍...! സങ്കല്‍പ്പിക്കാനാകുന്നുണ്ടോ...? എത്രയോ കിലോമീറ്ററുകള്‍ അകലെയുള്ള ഡോക്ടര്‍ നമ്മുടെ ശരീരത്തിലെ എന്തെങ്കിലും മുറിവുകള്‍ ചികിത്സിക്കുന്നത്, ശരീരത്തിലെ മുഴ നീക്കം ചെയ്യുന്നതൊക്കെ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നാല്‍, കേട്ടോളൂ.. ഈ പറഞ്ഞതൊരു അവിശ്വസനീയമായ ഭാവനയോ വിചിത്ര സങ്കല്‍പ്പമോ ഒന്നുമല്ല.. യാഥാര്‍ഥ്യമാണ്! പുത്തന്‍ സാങ്കേതിക വിപ്ലവങ്ങളുമായി ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ചൈന തന്നെയാണ് ഈ വിപ്ലവത്തിന്റെയും മുന്നില്‍ നടക്കുന്നത്. ചൈനയിലെ ഡോക്ടര്‍മാര്‍, ഏകദേശം 3,500 കിലോമീറ്റര്‍ ദൂരത്തുള്ള ഒരു കാന്‍സര്‍ രോഗിയുടെ സര്‍ജറിയാണ് വിജയകരമായി പൂര്‍ത്തിയാക്കി, ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

ഉപഗ്രഹ സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും സമന്വയിപ്പിച്ചാണ്, ചൈന മെഡിക്കല്‍ സയന്‍സിന്റെ പുതിയ വാതിലുകള്‍ തുറക്കുന്നത്. ലോകചരിത്രത്തിലെ ആദ്യ സാറ്റലൈറ്റ് നിയന്ത്രിത ശസ്ത്രക്രിയയാണ് ചൈനയില്‍ നടന്നിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന വിപ്ലവകരമായ സര്‍ജറിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണു മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. തലസ്ഥാനമായ ബെയ്ജിങ്ങിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് രോഗികളുടെ ശസ്ത്രക്രിയയാണ് ഏകദേശം 3,500 കിലോമീറ്റര്‍ അകലെയുള്ള ലാസയിലെ ഓപറേഷന്‍ സെന്ററില്‍നിന്ന് ഒരു ചൈനീസ് വൈദ്യസംഘം നിര്‍വഹിച്ചത്. കരള്‍, പിത്താശയം, പാന്‍ക്രിയാസ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ശസ്ത്രക്രിയകളാണു നടന്നത്.

ചൈനയുടെ അപ്സ്റ്റാര്‍-6 ഡി ഉപഗ്രഹത്തിന്റെ സഹായത്തോടെ, ഒരു റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനം ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്ര രംഗത്തെ ഈ അപൂര്‍വ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ബെയ്ജിങ്ങിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ഹോസ്പിറ്റലിലെ പ്രൊഫസര്‍ ലിയു റോങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ജറിക്കു മേല്‍നോട്ടം വഹിച്ചത്. ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ രോഗികള്‍ ആശുപത്രി വിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയന്നു. ആരോഗ്യ മേഖലയിലെ വിവര സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെ സാധ്യമാകുന്ന വിപ്ലവകരമായ റിസല്‍റ്റുകളുടെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഉദാഹരണമായാണ് ഇതിനെ ആരോ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നഗരങ്ങളില്‍നിന്നും സൗകര്യങ്ങളില്‍നിന്നും ഏറെ മാറഇ വിരൂദദിക്കുകളില്‍ കഴിയുന്നവര്‍ക്കും യുദ്ധഭൂമിയിലുള്ളവര്‍ക്കുമെല്ലാം വിദഗ്ധ വൈദ്യചികിത്സ ലഭ്യമാക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ ആദ്യ പടിയാണിതെന്നും അവര്‍ പറയുന്നു.

2020ല്‍ ചൈന ബഹിരാകാശത്തേക്കു വിക്ഷേപിച്ച അപ്സ്റ്റാര്‍-6 ഡി സാറ്റലൈറ്റാണു പുതിയ പരീക്ഷണത്തിന്റെ നെടുംതൂണായത്. സെക്കന്‍ഡില്‍ 50 ഗിഗാബൈറ്റ് കപ്പാസിറ്റിയുള്ള ബ്രോഡ്ബാന്‍ഡ് ഉപഗ്രഹമാണിത്. ഭൗമോപരിതലത്തില്‍നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഉപഗ്രഹം, ഏഷ്യ-പസഫിക് മേഖലയിലെ വ്യോമ-നാവിക ഗതാഗതത്തെ സഹായിക്കുന്ന ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി സേവനം നല്‍കുന്നുണ്ട്. പുതിയ മെഡിക്കല്‍ സര്‍ജറിയില്‍ തന്നെ, ഡാറ്റാ ക്ലാസിഫിക്കേഷന്‍, ട്രാഫിക് മാനേജ്‌മെന്റ് എന്നിവയിലെ സിഗ്‌നല്‍ വിളംബം ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചു സാറ്റലൈറ്റ്. ഇത് ശസ്ത്രക്രിയയുടെ കൃത്യതയും ഫലപ്രാപ്തിയും കൂടുതല്‍ ഉറപ്പാക്കി.

റോബോട്ടിക് സര്‍ജറി രംഗത്തെ ചൈനീസ് കുതിപ്പ് കൂടിയാണ് പുതിയ ചികിത്സയിലൂടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ചൈനയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോബോട്ടിക് സംവിധാനമാണ് ഈ ശസ്ത്രക്രിയയില്‍ ഉപയോഗിച്ചിരിക്കുന്നത്. ത്രീഡി ഡിസ്‌പ്ലേ സ്‌ക്രീനും മാസ്റ്റര്‍ കണ്‍ട്രോളറും ഉപയോഗിച്ച്, ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തിന്റെ ആന്തരിക ദൃശ്യങ്ങള്‍ തത്സമയം വീക്ഷിക്കാനും റോബോട്ടിന്റെ പ്രവര്‍ത്തനം കൃത്യമായി നിയന്ത്രിക്കാനും കഴിഞ്ഞു. ശസ്ത്രക്രിയയില്‍ സംഭവിക്കാനിടയുള്ള പിഴവുകള്‍ തടയാനും രോഗിയുടെ സുരക്ഷ ഉറപ്പാക്കാനും ഈ സാങ്കേതികവിദ്യ സഹായിച്ചു.

ഇതിനുമുന്‍പും ചൈന റോബോട്ടിക് സര്‍ജറിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2024 ജൂലൈ 13ന്, ഷാങ്ഹായ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ലുഓ ക്വിങ്‌വാന്‍, ഏകദേശം 5,000 കിലോമീറ്റര്‍ ദൂരെയുള്ള ഷിന്‍ജിയാങ്ങിലെ കാഷ്ഗറിലുള്ള ഒരു രോഗിയുടെ ശ്വാസകോശ ട്യൂമര്‍ 5 എ സാങ്കേതികവിദ്യ ഉപയോഗിച്ച് നീക്കം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ടാണ് അന്ന് ആ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

മെട്രോ നഗരങ്ങളിലേക്ക് യാത്ര ചെയ്യാതെ തന്നെ അവിടെയുള്ള ക്വാളിറ്റി ചികിത്സയും പരിചരണവും ഗ്രാമീണ മേഖലയിലുള്ള ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ഇത്തരം സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്ന് ഡോ. ലുഓ ക്വിങ്‌വാന്‍ ചൂണ്ടിക്കാട്ടുന്നു. മലയോര പ്രദേശങ്ങളും ഹൈറേഞ്ചുകളും ഉള്‍പ്പെടെ ഭൂമിയിലെ ഏറ്റവും വിദൂരമായ പ്രദേശങ്ങളില്‍ പോലും, ഉപഗ്രഹങ്ങളുടെയും റോബോട്ടുകളുടെയും സഹായത്തോടെ, ലോകോത്തര വൈദ്യസേവനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നത്. യുദ്ധമുഖങ്ങളിലും ദുരന്ത മേഖലകളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം ഈ സാങ്കേതികവിദ്യ വലിയ വഴിത്തിരിവാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

Summary: Chinese doctors perform first satellite-powered surgery on patient 5,000 km away

TAGS :
Next Story