Quantcast

മരണശേഷവും മനുഷ്യൻ്റെ കണ്ണുകള്‍ പ്രകാശത്തോട് പ്രതികരിക്കുമോ? പഠനം പറയുന്നത് ഇങ്ങനെ

നേത്രദാന മേഖലയില്‍ പഠനം ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍

MediaOne Logo
Resuscitated human retinas respond to light 10 hours after death
X

മരിച്ചുകഴിഞ്ഞാല്‍ പിന്നെ എന്തെങ്കിലും കാണാന്‍ സാധിക്കുമോ? ഇല്ലെന്ന് നമുക്ക് അറിയാം. എന്നാല്‍, കണ്ണിലെ കാഴ്ച സാധ്യമാക്കുന്ന പ്രധാന ഭാഗമായ റെറ്റിന, മനുഷ്യന്‍ മരിച്ചു കഴിഞ്ഞാലും 10 മണിക്കൂറോളം പ്രകാശത്തോട് പ്രതികരിക്കുമെന്നാണ് പുതിയ പഠനം. ബാഴ്‌സലോണയിലെ സെന്റര്‍ ഫോര്‍ ജീനോമിക് റെഗുലേഷനിലെ ഡോ. എയ്മര്‍ ബയേണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മരണാനന്തര നേത്രദാതാക്കളില്‍ നിന്ന് ലഭിച്ച കണ്ണുകള്‍ക്ക് കൃത്രിമമാര്‍ഗത്തിലൂടെ ഓക്‌സിജനും പോഷകങ്ങളും നല്‍കിയാണ് റെറ്റിനയുടെ പ്രവര്‍ത്തനം 10 മണിക്കൂറോളം നിലനിര്‍ത്താന്‍ സാധിച്ചത്. നേത്രദാന മേഖലയില്‍ പഠനം ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.

മരണശേഷം ശേഖരിച്ച മനുഷ്യരുടെ കണ്ണുകളിലെ റെറ്റിനയെ പ്രത്യേക സംവിധാനത്തിലൂടെ സംരക്ഷിച്ച് പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്തിയാണ് പഠനം നടത്തിയത്. മറ്റ് ശരീരകലകളില്‍ നിന്ന് വിഭിന്നമായി, ഓക്‌സിജന്‍ വിതരണം നിലച്ചയുടന്‍ പ്രവര്‍ത്തനം അവസാനിക്കുന്ന കലയാണ് റെറ്റിന. ഈയൊരു പരിമിതി റെറ്റിനയെ കുറിച്ച് പഠിക്കുന്നതില്‍ ശാസ്ത്രലോകത്തിന് ഏറെ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഈ വെല്ലുവിളി മറികടക്കുന്നതിനായി കൃത്രിമമായി രക്തചംക്രമണ സംവിധാനമൊരുക്കി കണ്ണിന് നേത്രധമനി വഴി ഓക്‌സിജനും പോഷകങ്ങളും നല്‍കുകയായിരുന്നു. ഇതിലൂടെയാണ്, റെറ്റിനയിലെ പ്രകാശം തിരിച്ചറിയുന്ന കോശങ്ങള്‍ 10 മണിക്കൂര്‍ വരെ കാഴ്ചയുടെ സിഗ്‌നലുകള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയത്. ജീവനോടെയുള്ള ഒരാളില്‍ ഈ സിഗ്‌നലുകള്‍ തലച്ചോര്‍ വിശകലനം ചെയ്താണ് കാഴ്ച സാധ്യമാകുന്നത്.

പ്രകാശത്തെ വൈദ്യുത സന്ദേശങ്ങളാക്കി തലച്ചോറിലേക്ക് എത്തിക്കുകയാണ് റെറ്റിനയുടെ ധര്‍മം. അതിനാല്‍, ഇത്രയേറെ സമയം റെറ്റിനയുടെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് നേത്രരോഗ ഗവേഷണത്തിലും കണ്ണു മാറ്റിവെക്കല്‍ ചികിത്സാരംഗത്തും വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.

ഇതുവരെ മരണശേഷം കുറഞ്ഞ മണിക്കൂറുകള്‍ മാത്രമേ റെറ്റിനയുടെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ സാധിച്ചിരുന്നുള്ളൂ. പുതിയ സാങ്കേതികവിദ്യയിലൂടെ ആ സമയം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇത് ഭാവിയില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്കുള്ള പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിനും മനുഷ്യന്റെ റെറ്റിനയെ കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷ.

മരണത്തിന് ശേഷവും കാഴ്ച സാധ്യമാകുന്നുവെന്നല്ല പഠനം അര്‍ത്ഥമാക്കുന്നത്. മറിച്ച്, റെറ്റിനയിലെ, പ്രകാശത്തോട് പ്രതികരിക്കുന്ന ഫോട്ടോറിസപ്റ്റര്‍ കോശങ്ങള്‍ മരണശേഷവും ജീവശാസ്ത്രപരമായി ആക്ടീവാണെന്നാണ്. പ്രകാശം പതിക്കുമ്പോള്‍ ഇവ വൈദ്യുതതരംഗങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്.

TAGS :
Next Story