Quantcast

കോവിഡ് ഇപ്പോഴുമുണ്ടോ? എത്ര രോഗികളുണ്ട്? കണക്കുകള്‍ ഇങ്ങനെ

കടകള്‍ തുറക്കാതെ, വാഹനങ്ങള്‍ ഓടാതെ, വീട്ടിനു പുറത്തിറങ്ങുക പോലും ചെയ്യാതെ അടച്ചുപൂട്ടിയിരുന്ന ആ കാലം ഓര്‍മ്മയില്ലേ

MediaOne Logo
covid world statistics
X

ഫയൽ ഫോട്ടോ 

ഞ്ചു വര്‍ഷം മുമ്പാണ് കോവിഡ്-19 എന്ന വൈറസ് രോഗം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. ചൈനയിലെ വുഹാനില്‍ നിന്നാരംഭിച്ച് ലോകമാകെ പടര്‍ന്ന കോവിഡ് ലക്ഷക്കണക്കിനു പേരുടെ ജീവനാണ് കവര്‍ന്നത്. 2020-21 വര്‍ഷങ്ങളിലായിരുന്നു കോവിഡിന്റെ ഏറ്റവും രൂക്ഷമായ മുഖം ലോകം കണ്ടത്. കടകള്‍ തുറക്കാതെ, വാഹനങ്ങള്‍ ഓടാതെ, വീട്ടിനു പുറത്തിറങ്ങുക പോലും ചെയ്യാതെ അടച്ചുപൂട്ടിയിരുന്ന ആ കാലം ഓര്‍മ്മയില്ലേ. ലോകക്രമത്തിലും സാങ്കേതിക വിദ്യകളിലും തന്നെ ഏറെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് കോവിഡ് കടന്നുപോയത്. എന്നാല്‍ കൊറോണ വൈറസുകള്‍ പൂര്‍ണമായും ഇല്ലാതായോ? പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലേ? കണക്കുകള്‍ നോക്കാം.

ഒരാഴ്ചയ്ക്കിടെ 9044 രോഗികള്‍

കോവിഡ് രോഗികള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന പ്രത്യേക ഡാഷ് ബോര്‍ഡ് ആരംഭിച്ചിരുന്നു. ഇതിലെ കണക്ക് പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്ത് 53 രാജ്യങ്ങളിലായി 9044 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതലും. ഒരാഴ്ചയില്‍ 1700 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഗ്രീസാണ് മുന്നില്‍. 1000 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ബ്രസീല്‍ പിന്നാലെയുണ്ട്.

ഇന്ത്യയിലെ സ്ഥിതിയെന്ത്

കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് കാലത്ത് ആരംഭിച്ച ഡാഷ്‌ബോര്‍ഡ് ഇപ്പോഴും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഇതുപ്രകാരം വെറും രണ്ട് ആക്ടീവ് കോവിഡ് കേസുകള്‍ മാത്രമാണ് നിലവില്‍ രാജ്യത്തുള്ളത്. ഡല്‍ഹിയിലും ഹിമാചല്‍ പ്രദേശിലും ഓരോന്ന് വീതമാണിത്. 2025 ജനുവരിക്ക് ശേഷമുള്ള രോഗികളുടെ എണ്ണം പ്രത്യേകമായി നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ കൂടുതല്‍ രോഗികളുണ്ടായത് കേരളത്തിലാണ്. 8758 രോഗികള്‍. 4100 രോഗികളുണ്ടായ ഡല്‍ഹിയാണ് രണ്ടാമത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 60 പേര്‍ മരിച്ചത് കോവിഡ് ബാധിച്ചെന്നാണ് കേന്ദ്രത്തിൻ്റെ കണക്ക്. മഹാരാഷ്ട്രയില്‍ 46 പേരും ഡല്‍ഹിയില്‍ 26 പേരും ഒരുവര്‍ഷത്തിനിടെ മരിച്ചിട്ടുണ്ട്.

ആകെ കണക്കുകള്‍ ഇങ്ങനെ

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഇങ്ങനെയാണ്

ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ -77,90,60,919

10.3 കോടി പേര്‍ രോഗികളായ യുഎസാണ് പട്ടികയില്‍ മുന്നില്‍. 9.94 കോടി പേര്‍ക്ക് കോവിഡ് ബാധിച്ച ചൈന രണ്ടാമതും 4.51 കോടി പേര്‍ രോഗികളായ ഇന്ത്യ മൂന്നാമതുമുണ്ട്.

ആകെ മരണം -71,08,587

12 ലക്ഷം പേര്‍ മരിച്ച യുഎസാണ് പട്ടികയില്‍ മുന്നില്‍. 7.04 ലക്ഷം പേര്‍ മരിച്ച ബ്രസീല്‍ രണ്ടാമതും 5.34 ലക്ഷം പേര്‍ മരിച്ച ഇന്ത്യ മൂന്നാമതുമുണ്ട്.

TAGS :
Next Story