Quantcast

തലവേദനകളെ തിരിച്ചറിയാം, ശരിയായ സമയത്ത് ചികിത്സിക്കാം

MediaOne Logo

Alwyn

  • Published:

    2 Jun 2018 4:09 AM GMT

തലവേദനകളെ തിരിച്ചറിയാം, ശരിയായ സമയത്ത് ചികിത്സിക്കാം
X

തലവേദനകളെ തിരിച്ചറിയാം, ശരിയായ സമയത്ത് ചികിത്സിക്കാം

സാധാരണഗതിയില്‍ വലിയ അപകടകാരികളല്ലെങ്കിലും ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ തലവേദനക്ക് കഴിയും.

ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന എന്ന വില്ലനെ അറിയാത്തവരുണ്ടാകില്ല. തലവേദന കാരണം ദുരിതം അനുഭവിക്കാത്തവരും ചുരുക്കം. സാധാരണഗതിയില്‍ വലിയ അപകടകാരികളല്ലെങ്കിലും ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ തലവേദനക്ക് കഴിയും. മിക്കവരും തലവേദനയെ തുരത്താന്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വേദനസംഹാരികളോ മറ്റെന്തെങ്കിലും മരുന്നോ വാങ്ങി കഴിച്ച് താത്കാലിക പരിഹാരം കാണുന്നവരാണ്. പ്രകൃതിദത്തമായ പല പൊടിക്കൈകളും തലവേദനയെ അകറ്റാനുണ്ടെങ്കിലും എല്ലാത്തരം തലവേദനക്കും ഇത് പരിഹാരമാകില്ല. തലവേദന തന്നെ വ്യത്യസ്ത തരത്തിലുണ്ട്. സാധാരണ തലവേദന അമിത ക്ഷീണമോ നിര്‍ജലീകരണം മൂലമോ ഉടലെടുക്കുന്നതാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ തലവേദന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. തലവേദനയെ തിരിച്ചറിയുകയും കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്യുന്നതിലാണ് കാര്യം.

മാനസിക പിരിമുറക്കം സൃഷ്ടിക്കുന്ന തലവേദനയാണ് മിക്കവരിലും പൊതുവെ കണ്ടുവരുന്നത്. തലക്ക് ചുറ്റും പ്രത്യേകിച്ച് തലയുടെ പിറകിലും കഴുത്തിലും നെറ്റിക്കിരുവശവുമാണ് വേദന അനുഭവപ്പെടുക. സമയദൈര്‍ഘ്യം കൂടുന്നത് അനുസരിച്ച് കണ്ണിന് താഴെയും മുകളിലുമായി വേദന വ്യാപിക്കും. ചെന്നിക്കുത്ത് അഥവാ മൈഗ്രേന്‍ പോലുള്ള ഗുരുതരമായ അവസ്ഥയല്ല ഇത്. ശര്‍ദ്ദിയോ തലകറക്കമോ ഈ തലവേദനക്ക് അകമ്പടി സേവിക്കാറില്ല. ചുക്കുകാപ്പിയാണ് ഈ തലവേദന അകറ്റാന്‍ നല്ലത്. കസ്തുരിത്തുളസി തൈലം തേക്കുന്നതും തലവേദന മാറാന്‍ സഹായിക്കും.

സഹിക്കാന്‍ കഴിയാത്ത വേദനയാണ് സൈനസ് തലവേദനയുണ്ടാക്കുക. മൂക്കിനും കണ്ണിനും ചുറ്റുമുള്ള അസ്ഥികള്‍ക്കിടയിലെ അറകളാണ് സൈനസ്. ഈ സൈനസുകളില്‍ അണുബാധയുണ്ടാകുമ്പോഴാണ് കണ്ണുകള്‍ക്കും നെറ്റിയിലും കവിളുകളിലും വരെ വേദനയും ഒപ്പം പനിയുമെത്തുക. സൈനസ് തലവേദനയെ ചികിത്സിക്കുന്നതിന് പകരം വരാതെ നോക്കുകയാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് സൈനസ് തലവേദനയെ പടിക്കു പുറത്തുനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. നാരങ്ങ ഗ്രീന്‍ ടീ കുടിക്കുന്നതും ഫലം ചെയ്യും.

മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് എന്ന തലവേദന ഇന്നത്തെ കാലത്ത് സര്‍വസാധാരണമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 25 നും 55നും ഇടയില്‍ പ്രായമുള്ളവരിലാണ് മൈഗ്രേന്‍ സാധാരണ കണ്ടുവരുന്നത്. എന്നാല്‍ ഇതിന് കൃത്യമായ പ്രായപരിധി ഒന്നുമില്ല. മൈഗ്രേന്‍ വെറുമൊരു തലവേദന മാത്രമല്ല. നാഢീവ്യൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് മൈഗ്രേന്‍. തലയുടെ ഒരു വശത്ത് മാത്രം അസഹനീയമായ തലവേദന അനുഭവപ്പെട്ടു തുടങ്ങുന്നതാണ് ഇതിന്റെ ലക്ഷണം. തലചുറ്റല്‍, ശര്‍ദ്ദി, വിറയല്‍, മുഖം മരവിക്കുക, കാഴ്ച മങ്ങുക, ചെറിയ ശബ്ദം പോലും അസഹനീയമായ തോതില്‍ അലോസരപ്പെടുത്തുക, ചില സാധനങ്ങളുടെ ഗന്ധവും വെളിച്ചവുമൊക്കെ മൈഗ്രേന്‍ ബാധിതരെ വലച്ചുകൊണ്ടിരിക്കും. കൃത്യസമയത്ത് വിദഗ്ധ ചികിത്സ തേടുകയാണ് മൈഗ്രേന്‍ ഭേദമാക്കാന്‍ ചെയ്യേണ്ടത്.

സ്ത്രീകളെ അപേക്ഷിച്ച് ക്ലസ്റ്റര്‍ തലവേദന പുരുഷന്മാരിലാണ് കൂടുതല്‍ കണ്ടുവരുന്നത്. വളരെപ്പെട്ടെന്ന് തലയുടെ ഒരു ഭാഗത്ത് തുളച്ചുകയറുന്നതു പോലെ വരുന്ന വേദനയാണിത്. പ്രത്യേകിച്ച് രാത്രിയിലാണ് ക്ലസ്റ്റര്‍ തലവേദന പിടിമുറുക്കുക‍. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. ഇതിന്റെ യഥാര്‍ഥ കാരണം ഇനിയും അറിവായിട്ടില്ല. എന്നാല്‍ ശരീരത്തിലെ ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അപാകങ്ങളാണ് ഇത്തരം തലവേദനയ്ക്കു കാരണമാകുന്നതെന്നാണ് കരുതപ്പെടുന്നത്. ക്ലസ്റ്റര്‍ തലവേദനക്ക് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

ഏതുതരത്തിലുള്ള തലവേദനയായാലും സ്വയം ചികിത്സ ഒഴിവാക്കി, വിദഗ്ധ ചികിത്സ തേടുന്നതാണ് ഉത്തമം.

TAGS :

Next Story