Quantcast

എന്താണ് എലിപ്പനി..? എങ്ങിനെ തടയാം

വീട് വൃത്തിയാക്കുന്നവരും വെള്ളത്തില്‍ ഇറങ്ങുന്നവരുമെല്ലാം മുന്‍കരുതലുകളെടുക്കണം. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

MediaOne Logo

Web Desk

  • Published:

    3 Sep 2018 5:01 AM GMT

എന്താണ് എലിപ്പനി..? എങ്ങിനെ തടയാം
X

എലിപ്പനി പടര്‍ന്ന് പിടിക്കാതിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വീട് വൃത്തിയാക്കുന്നവരും വെള്ളത്തില്‍ ഇറങ്ങുന്നവരുമെല്ലാം മുന്‍കരുതലുകളെടുക്കണം. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൂടാതെ എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിക്കുന്നു.

എന്താണ് എലിപ്പനി?

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.

രോഗവ്യാപനം

രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

പാലിക്കേണ്ട മുന്‍കരുതലുകള്‍

1. മലിനജലവുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങളില്‍ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുക (കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ)

2. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളിക 200 mg (100 mg രണ്ട് ഗുളിക) ആഴ്ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഡോക്‌സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്.

3. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.

രോഗ ലക്ഷണങ്ങള്‍

പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.

ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍ ?

ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

പ്രളയകാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം

⚫ പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക

⚫ കോളറയുടെ പശ്ചാത്തലത്തില്‍ മീന്‍, കണവ, കൊഞ്ച്, ഞണ്ട് എന്നിവ നന്നായി പാകം ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക

⚫ പാകം ചെയ്യുമ്പോള്‍ ആഹാരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചൂട് എത്താന്‍ ശ്രദ്ധിക്കണം

⚫ ഭക്ഷണം പാകം ചെയ്ത ശേഷം വലിയ താമസം ഇല്ലാതെ തന്നെ കഴിക്കാന്‍ ശ്രമിക്കണം. പാഴ്‌സല്‍ വാങ്ങിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം

⚫ ഭക്ഷണം ശേഖരിച്ച് വയ്‌ക്കേണ്ട അവസ്ഥ ഉണ്ടായാല്‍ വീണ്ടും ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക.

⚫ പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തരുത്.

⚫ കൈശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ആഹാരം പാകം ചെയ്യുന്നതിന് മുമ്പ് കൈകഴുകാന്‍ ശ്രദ്ധിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും കൈ കഴുകുക (പ്രത്യേകിച്ചും ചെറിയ കുട്ടികള്‍).

⚫ അടുക്കള വൃത്തിയായി സൂക്ഷിക്കുക.

⚫ കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

⚫ ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക.

⚫ ക്ലോറിനേഷന്‍ ചെയ്തതിനു ശേഷം വെള്ളം തിളപ്പിച്ച് 20 മിനിറ്റ് വെട്ടിത്തിളക്കാന്‍ അനുവദിക്കുക. ഈ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

⚫ വയറിളക്ക രോഗങ്ങളും, കോളറ, ഹെപ്പറ്റൈറ്റിസ്സ് എ, ടൈഫോയ്ഡ് പോലുള്ള രോഗപ്രതിരോധത്തിന്‍ മേല്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്.

⚫ ക്യാമ്പ്, വീട്, പൊതു സ്ഥലം തുടങ്ങിയവയുടെ പൊതുവില്‍ ഉള്ള വൃത്തിക്കും വലിയ പ്രാധാന്യം ഉണ്ട്.

TAGS :

Next Story