Quantcast

പട്ടിണി കിടന്ന് തടി കുറക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പട്ടിണി കിടക്കുന്നതിനും, ജിമ്മില്‍ പോകുന്നതിനും മുന്‍പ് തടിയെ വരുതിയിലാക്കാൻ ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങൾ

MediaOne Logo

Web Desk

  • Published:

    6 Jan 2019 3:30 PM GMT

പട്ടിണി കിടന്ന് തടി കുറക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
X

അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തടി കൂടുമോ എന്ന പേടി കാരണം നേരം പോലെ ഭക്ഷണം പോലും കഴിക്കാൻ മടിക്കുന്നവരാണ് പലരും. തടി കുറക്കാൻ മുൻപിൻ നോക്കാതെ ഏത് മരുന്നും വാങ്ങി കഴിക്കാനും, ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യാനും ഇന്നാരും തയ്യാറാകും. കാരണം, തടി ‘കേടാകാതിരിക്കേണ്ടത്’ ആരോഗ്യത്തിന്റെ മാത്രമല്ല, സൗന്ദര്യത്തിന്റെ വിഷയം കൂടിയാണ്. പട്ടിണി കിടക്കുന്നതിനും, ജിമ്മില്‍ പോകുന്നതിനും മുന്‍പ് തടിയെ വരുതിയിലാക്കാൻ ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങൾ എന്താണെന്ന് നോക്കാം.

പ്രഭാത ഭക്ഷണം യഥാവിധി കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ജോലിക്ക് പോകുന്നരും, പഠിക്കാൻ പോകുന്നവരും സമയം ലാഭിക്കാൻ ഉടനെ ചെയ്യുന്ന പണി പ്രാതൽ ഉച്ച നേരത്തേക്ക് ‘മാറ്റി വെക്കുക’ എന്നുള്ളതാണ്. യാഥാർത്യം എന്തെന്നാൽ രാവിലെയുള്ള ഭക്ഷണം സ്കിപ്പ് അടിക്കുന്നത് ശരീരം കൊഴുപ്പ് ശേഖരിച്ച് വെയ്ക്കുന്നതിന് കാരണമാകും. അമിത വണ്ണത്തിന് പിന്നെ വേറെ സാധ്യതകളൊന്നും തേടി പോകേണ്ടതില്ല. രാവിലെ ഏട്ട് മണിയോട് കൂടിയാണ് പ്രാതൽ കഴിക്കേണ്ടത്. അതുപോലെ പ്രധാനമാണ് രാത്രി ഭക്ഷണം നേരത്തേ കഴിക്കുക എന്നുള്ളത്. രാത്രി ഭക്ഷണം വെെകുന്നത് ശരിയായ ദഹനം നടക്കുന്നതിന് തടസ്സമാകും. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതും നല്ലതല്ല. ഉറക്കം നഷ്ടപ്പെടുത്തുന്നതും അമിത വണ്ണത്തിന് കാരണമാകും.

ഉറക്കം കുറയുന്നത് ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഹോർമോണിന്റെ പ്രവർത്തനം താളം തെറ്റുന്നത് ശരീരം വണ്ണം വെക്കുന്നതിന് കാരണമാകും. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്നത് ശീലമാക്കുകയാണ് ഏറ്റവും ഉത്തമം. രാത്രി ജോലിയുള്ളവർ, ശരിയായ ഉറക്കം ലഭിക്കുന്ന തരത്തിൽ ദിവസത്തെ ക്രമീകരിക്കുകയാണ് വേണ്ടത്. ഉറക്കമില്ലായ്മ അമിത വണ്ണത്തിന് പുറമെ മറ്റു പല ശാരീരിക-മാനസ‌ിക രോഗങ്ങൾക്കും കാരണമാകും.

ഭക്ഷണ കാര്യത്തിൽ അൽപം ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്. കരിച്ചതും പൊരിച്ചതും മെനുവിൽ നിന്നും മാറ്റി നിർത്താം. പഴങ്ങളും പച്ചക്കറികളും സലാഡുകളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഡ്രെെ ഫ്രൂട്ട്സ് ശീലമാക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായകമാണ്. ഓറഞ്ച്, നാരങ്ങ, മുസമ്പി പോലുള്ള പുളി രുചിയുള്ള പഴങ്ങൾ ഇതിന് ഉപയോഗിക്കാവുന്നതാണ്.

അരി ഭക്ഷണം തടി കൂട്ടാൻ സഹായിക്കുന്നവയാണ്. അതിനാൽ ഇവ ഉപേക്ഷിക്കുന്നതോ, കുറച്ചു കൊണ്ടു വരുന്നതോ ആണ് നല്ലത്. ചോറിൽ തന്നെ, മട്ട അരി കൊണ്ടുള്ള ചോറ് കഴിക്കുന്നതാണ് നല്ലത്. പുറമെ, നാരുള്ളതും തവിട് കളയാത്തതുമായ ധാന്യങ്ങളും ആഹാരത്തിനായി തെരഞ്ഞെടുക്കാം. ശുദ്ധ ജലം ആവശ്യത്തിന് കുടിക്കുക. കോളകളുൾപ്പടെയുള്ള കൃത്രിമ പാനീയങ്ങൾ ഉപേക്ഷിക്കുക. ദിവസവും വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങാ വെള്ളം, ജീരക വെള്ളം, ഇഞ്ചി പിഴിഞ്ഞ വെള്ളം എന്നിവയിലേതെങ്കിലും ശീലമാക്കാവുന്നതാണ്. ഭക്ഷണത്തിൽ നിന്നും അമിതമായ ഉപ്പും എണ്ണയും മധുരവും ഒഴിവാക്കാം.

വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വ്യായാമം. കനപ്പെട്ട വ്യായാമ മുറകൾക്ക് പകരം, ദിവസവും തുടർന്ന് കൊണ്ടുപോകാൻ സാധ്യമായ ലഘു വ്യായാമങ്ങൾ ചെയ്യുന്നതാണ് നല്ലത്. മനസ്സിനെ മടുപ്പിക്കാത്ത തരത്തിലായിരിക്കണം വ്യായാമം ചെയ്യേണ്ടത്. വെെകുന്നേരങ്ങളിലെ കായിക വിനോദങ്ങള്‍ ഇതിന് സഹായകമാണ്. മാനസ്സിക ഉണര്‍വിന് പുറമെ, കൊഴുപ്പിനെ കരിച്ചു കളഞ്ഞ് തടി കുറക്കുന്നതിനും അത് സഹായകമാകും. തടി കുറയുന്നതിനായി പട്ടിണി കിടക്കുന്നതിനും ജിമ്മില്‍ പോകുന്നതിനും മുന്‍പ് ഇത്തരം പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും ചെയ്തു തുടങ്ങാം ‘തടി കാക്കാനുള്ള’ ശീലങ്ങള്‍.

TAGS :

Next Story