Quantcast

മാറ്റി നിര്‍ത്താം ഈ ഭക്ഷണ ശീലങ്ങള്‍ 

ഭക്ഷണം കൃത്യമായ നേരങ്ങളിൽ കഴിക്കാൻ ശ്രദ്ധിക്കുക എന്നുള്ളത് പ്രധാനമാണ്

MediaOne Logo

Web Desk

  • Published:

    6 Jan 2019 5:10 PM IST

മാറ്റി നിര്‍ത്താം ഈ ഭക്ഷണ ശീലങ്ങള്‍ 
X

ആരോഗ്യ സംരക്ഷണത്തിന് നല്ല ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നല്ല ഭക്ഷണ ശീലങ്ങൾ ശീലമാക്കുന്നതും. കഴിക്കുമ്പോൾ കാണിക്കുന്ന ഈ ജാഗ്രത പക്ഷേ അതുപോലെ പ്രാധാന്യമർഹിക്കുന്ന ഭക്ഷണ ശീലങ്ങളിൽ നമ്മൾ കാണിക്കുന്നില്ല എന്നതാണ് വാസ്തവം. ഭക്ഷണം കൃത്യമായ നേരങ്ങളിൽ കഴിക്കാൻ ശ്രദ്ധിക്കുക എന്നുള്ളത് ഇതിൽ പ്രധാനമാണ്.

പുകവലി ദുശ്ശീലമാണെന്ന് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ പുകവലിക്കാർക്ക് ഭക്ഷണ ശേഷമുള്ള പുകവലി പ്രത്യേകിച്ചും ഒഴിച്ചു കൂടാനാവാത്ത ശീലമാണ്. വയറു നിറയെ കഴിച്ചതിന് ശേഷമുള്ള പുകവലി ആമാശയത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. ഭക്ഷണ ശേഷമുള്ള ദഹനപ്രക്രിയക്കിടെ പുകവലിക്കുന്നത്, നിക്കോട്ടിൻ വളരെ പെട്ടെന്ന് രക്തത്തിൽ കലരാൻ കാരണമാകും. ഈ ശീലം കാലക്രമേണ ശ്വാസകോശ-ആമാശയ അർബുദത്തിന് വഴിവെക്കും.

ഭക്ഷണത്തിനിടക്കോ, ഭക്ഷണം കഴിച്ചതിന് തൊട്ടുടനെയോ ചായും കാപ്പിയും കഴിക്കുന്നതും നല്ല ശീലമല്ല. നമ്മൾ വളരെ പൊരുത്തപ്പെട്ട് പോയിട്ടുള്ള ഈ ശീലം പക്ഷേ ദഹനത്തിന് നല്ലതല്ല. ഭക്ഷണ ശേഷം ചായ കുടിക്കുന്നത് ദഹനം തടസ്സപ്പെടുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഭക്ഷണ ശേഷം പഴ വർഗങ്ങൾ കഴിക്കുന്നതും മാറ്റി നിർത്തേണ്ട ശീലമാണ്. നെഞ്ചരിച്ചിൽ, ദഹനക്കേട് എന്നിവക്ക് ഈ ശീലം കാരണമാകും.

ഭക്ഷണത്തിന് തൊട്ടുശേഷം ഉറങ്ങുന്നതും ആരോഗ്യത്തിന് ദോഷകരമാണ്. ഉറങ്ങാൻ കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ആഹാരം കഴിച്ചിരിക്കണം. ദഹനം എളുപ്പത്തിൽ നടക്കുന്നതിനായി ഭക്ഷണ ശേഷം കുറച്ച് നേരത്തേക്കെങ്കിലും ശരീരത്തെ ആയാസ രഹിതമാക്കേണ്ടതുണ്ട്. ഭക്ഷണ ശേഷമുള്ള കുളി ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ കുളിക്കുന്നത് ശരീര താപനിലയിൽ വ്യത്യാസമുണ്ടാകാൻ കാരണമാകും. ഭക്ഷണ ശേഷം അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ കുളിക്കാന്‍ പാടുള്ളു.

TAGS :

Next Story