Quantcast

“എനിക്കൊരു കുഴപ്പവും വരില്ല, ഈ വെയിലൊക്കെ എത്ര കൊണ്ടിരിക്കുന്നു”ചുട്ടു പൊള്ളുന്ന വെയിലത്ത് ഈ മനോഭാവം വേണ്ട

കടുത്ത വെയിൽ അവഗണിക്കരുത്. അവഗണനയല്ല ആവശ്യം കരുതലാണ്.

MediaOne Logo

Web Desk

  • Published:

    25 March 2019 11:43 AM IST

“എനിക്കൊരു കുഴപ്പവും വരില്ല, ഈ വെയിലൊക്കെ എത്ര കൊണ്ടിരിക്കുന്നു”ചുട്ടു പൊള്ളുന്ന വെയിലത്ത് ഈ മനോഭാവം വേണ്ട
X

കഴിഞ്ഞ ആഴ്ചയിൽ സൂര്യാതാപമേറ്റവർ നൂറിൽ പരം ആളുകൾക്കാണ് എന്നാണ് പറയുന്നത്. സൂര്യാഘാതമേറ്റു മൂന്ന് പേർ മരിച്ചതായി പറയപ്പെടുന്നു.ഈ വരുന്ന ദിവസങ്ങളിൽ ചൂട് കൂടുവാൻ സാധ്യതയുണ്ട്. അതിനാൽ അതീവ ജാഗ്രത ആവശ്യമാണ്. പതിനൊന്ന് മണി മുതൽ മൂന്ന് മണി വരെ വെയിലത്തു ജോലി ഒഴിവാക്കുക. ഒഴിവാക്കാനാകാത്ത ചെറിയ ജോലികൾ ചെയ്താൽ തന്നെ തലയിൽ ഫിറ്റ് ചെയ്യാവുന്ന കുട വെച്ചു മാത്രം ജോലി ചെയ്യുക. വെള്ളം ധാരാളം കുടിക്കുക. കൂടാതെ സംഭാരം, നാരങ്ങാ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ജ്യൂസ് എന്നിവ കുടിക്കുക. കുടിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പ് വരുത്തുക. ജലജന്യരോഗങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കുക.

അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക. അടിവസ്ത്രങ്ങളും അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടൻ മാത്രം ഉപയോഗിക്കുക. ഒരു പാട് ആഭരണങ്ങൾ ഉപയോഗിക്കാതെയിരിക്കുക. ദേഹത്ത് സൻസ്ക്രീൻ ലോഷൻ 30 spf ഉള്ളത് വാങ്ങി ശരീരത്തിൽ പുരട്ടുക.

വെയിലത്തു നിന്നാൽ ഉടനെ തന്നെ തണലിലേയ്ക്ക് മാറി നിന്ന് കുറച്ചു നേരം വിശ്രമിച്ചതിന് ശേഷവും മതിയായ വെള്ളം കുടിച്ചതിന് ശേഷവും മാത്രം യാത്രയോ ജോലിയോ തുടരുവാൻ പാടുള്ളൂ. ഒരു കാരണവശാലും രാവിലെ 11 മുതൽ 3 മണി വരെ ബൈക്കിൽ യാത്ര ചെയ്യാതെയിരിക്കുക. ഒഴിവാക്കാനാവാത്ത യാത്രയാണെങ്കിൽ ഫുൾ സ്ലീവ് വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുക. ക്ഷീണമോ, ശാരീരിക അസ്വസ്ഥതയോ , അമിത വിയർപ്പൊ തോന്നിയാൽ വണ്ടി ഓടിക്കരുത്. വഴിയിൽ തണലത്തു നിർത്തി വിശ്രമിക്കുക. ഉടനെ വൈദ്യസഹായം തേടുക. അല്ലെങ്കിൽ പൊലീസിന് വിളിക്കുക.

വീടിന്റെ ടെറസ്സ് ഓട് ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ വെള്ളനിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുക. ടെറസിൽ ചെടികൾ നട്ടുപിടിപ്പിക്കുക. കയ്യിൽ എപ്പോഴും കുട കരുതുക. രണ്ടു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം കയ്യിൽ എപ്പോഴും കരുതുക. അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ കൂടുമ്പോൾ വെള്ളം കുടിക്കുക. ഷൊർണൂർ ഒരു അമ്മ ടെറസിൽ നിന്ന് മുലയൂട്ടിയപ്പോൾ മരണപ്പെട്ടിരുന്നു. കഴിവതും നട്ടുച്ചയ്ക്ക് ടെറസിൽ പോകാതെയിരിക്കുക. ഇന്നലെ പാടത്ത് പണിയെടുത്ത ഒരു അച്ഛൻ മരിച്ചതായി കണ്ടെത്തിയിരുന്നു. ഒരിക്കലും ഒറ്റയ്ക്ക് വെയിലത്തു പണിയെടുക്കരുത്. കഴിവതും കൂടെയാരെയെങ്കിലും കൂടെ കൂട്ടുക.

ദൂരെ യാത്രങ്ങൾ കഴിവതും ഉച്ച സമയത്തു വേണ്ടെന്ന് വയ്ക്കുക. വെയിൽ നേരിട്ട് അടിക്കേണ്ട ആവശ്യമില്ല. കൊടും ചൂടിൽ തണലിൽ നിൽക്കുന്ന ആൾക്കും സൂര്യാഘാതമേൽക്കാം. അതുകൊണ്ട് 11 മണി മുതൽ 3 വരെ വീടുകളിൽ വിശ്രമിക്കുന്നത് നല്ലത്. കടുത്ത ക്ഷീണം, അമിത വിയർപ്പ്, മൂത്രം കുറവ്, ഹൃദയമിടിപ്പ് കൂടുക, ശ്വാസോച്ഛ്വാസം കൂടുക, തളർച്ച, ബോധക്ഷയം, തലകറക്കം എന്നിവ അനുഭവപ്പെടാൽ ഉടനെ വൈദ്യസഹായം തേടുക. ഉറ്റവരെ വിളിച്ചു അറിയിക്കുക. ഇനിയഥവാ ആരെയെങ്കിലും സൂര്യാതാപമേറ്റ നിലയിൽ നിങ്ങൾ കണ്ടാൽ ഉടനെ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ ലൂസാക്കി വെള്ളം തളിച്ചു കിടത്തുക. കുടിക്കുവാൻ ഉപ്പും പഞ്ചസാരയും ചേർന്ന പാനീയങ്ങൾ നൽകുക. മതിയായ വായുസഞ്ചാരം ഉറപ്പ് വരുത്തുക. ഉടനെ വൈദ്യസഹായം തേടുക. എത്രയും വേഗം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുക.

കടുത്ത വെയിൽ അവഗണിക്കരുത്. അവഗണനയല്ല ആവശ്യം കരുതലാണ്. " എനിക്കൊരു കുഴപ്പവും വരില്ല. ഈ വെയിലൊക്കെ എത്ര കൊണ്ടിരിക്കുന്നു" എന്ന ധാർഷ്ട്യം പാടില്ല. നമ്മുടെ മുന്നിൽ വെയിൽ അവഗണിച്ചവരുടെ അവസ്‌ഥ നാം വാർത്തകളിൽ കാണുകയാണ്. ജാഗ്രത കൂടിയേ തീരൂ. ചൂട് അസഹനീയമാകും വിധം ഉയരുകയാണ്. അതീവജാഗ്രത കൂടിയേ മതിയാവൂ.

കടപ്പാട്: ഡോ. ഷിനു ശ്യാമളൻ

TAGS :

Next Story