സ്ട്രോക്ക് അപകടസാദ്ധ്യത കുറയ്ക്കാൻ പ്രഭാതഭക്ഷണം
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ ഹൃദ്രോഗവും സ്‌ട്രോക്കും അമിതമായി കണ്ടു വരുന്നതായി അമേരിയ്ക്കൻ ഗവേഷണ സംഘം

പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്ന മധ്യവയസ്ക്കരിലും അതിനു മുകളിലുള്ളവരിലും ഹൃദ്രോഗവും സ്‌ട്രോക്കും വൻ തോതിൽ കണ്ടു വരുന്നതായി 6550 അമേരിക്കക്കാരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. അയോവ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിനു പിന്നിൽ. നാല്പതിനും എഴുപത്തിയഞ്ച് വയസിനും ഇടയിലുള്ള ആളുകളുടെ ഭക്ഷണ ശൈലി കേന്ദ്രീകരിച്ചായിരുന്നു പഠനം. ഈ ആഴ്ചയിലെ 'അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലാണ്' ഈ കാര്യം പ്രസിദ്ധീകരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ് ഇന്ത്യയിലടക്കം ലോകമെമ്പാടും ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നത്. ഇത്തരത്തിലുള്ള മരണനിരക്കും അതിന്‍റെ കാരണവും കണ്ടെത്താൻ കഴിഞ്ഞ കുറെ വർഷങ്ങളായി പഠനങ്ങൾ നടന്നു വരികയായിരുന്നു.
ഒരു ദിവസം മൂന്ന് നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും ഒഴിവാക്കാൻ പാടില്ലാത്തതാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണ ശൈലിയെക്കുറിച്ചു വിവരങ്ങൾ ലഭ്യമായിരിക്കുന്നതു 1988 -1994 കാലഘട്ടങ്ങളിൽ നടത്തിയ സർവ്വേകളിൽ നിന്നാണ്. നാല്പത്തിയെട്ടു ശതമാനം പുരുഷന്മാരും അമ്പത്തിരണ്ട് ശതമാനം സ്ത്രീകളും ഉൾപ്പെടുന്ന, 6550 ആൾക്കാരെ നാലായി തരം തിരിച്ചിരിക്കുന്നു. ഒരിക്കലും പ്രഭാത ഭക്ഷണം കഴിക്കാത്തവർ 5%(336), അപൂർവമായി കഴിക്കുന്നവർ 10.9%(713), ചില ദിവസങ്ങളിൽ കഴിക്കുന്നവർ 25%(1639), എന്നും കഴിക്കുന്നവർ 59%(3862). രണ്ടായിരത്തിപതിനൊന്നോടുകൂടി സർവ്വേയിൽ പങ്കെടുത്ത 2318 പേർ മരണപെട്ടു. ഇതിൽ 619(26.7%) ആൾക്കാർ ഹൃദയ സംബന്ധമായ അസുഖങ്ങളും സ്‌ട്രോക്കും മൂലമാണ് മരണപ്പെട്ടത്. പ്രഭാതഭക്ഷണം ഒഴിവാക്കിയവരാണ് മരണ നിരക്കിൽ മുൻപിൽ നിൽക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാൻ പ്രഭാത ഭക്ഷണത്തിനു കഴിയും എന്ന് തങ്ങളുടെ പഠനം തെളിയിച്ചിരിക്കുന്നു എന്നാണ് അയോവ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നത്. രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതെ രാവിലെയുള്ള ഭക്ഷണം ഒഴിവാക്കുന്നത് ഉയർന്ന രക്ത സമ്മർദ്ദത്തിനും കൊളെസ്ട്രോളിനും കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവർ കൃത്യമായ ജീവിതചര്യ ഉള്ളവർ അല്ലെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഇവരിൽ ഭൂരിഭാഗം പേരും പുകവലി ശീലമാക്കിയവരും അമിത മദ്യപാനികളും മാനസിക സംഘർഷം ഉള്ളവരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് മാത്രമല്ല., എങ്കിലും ഒരു പരിധിവരെ ഇതും ഒരു കാരണമാകുന്നുണ്ട് എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
Adjust Story Font
16
